കരുനാഗപ്പള്ളിയിൽ കോടതി കെട്ടിടം ആവശ്യം…. നിയമസഭയിൽ ഉന്നയിച്ച്‌ സി.ആർ. മഹേഷ് എം.എൽ.എ.

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ കോടതി കെട്ടിടം യാഥാർത്ഥ്യമാക്കണം എന്ന ആവശ്യം നിയമസഭയിൽ സി.ആർ. മഹേഷ് എം.എൽ.എ. യുടെ സബ്‌മിഷനിലൂടെ ഉന്നയിച്ചു.

നാഷണൽ ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ നിലവിലുള്ള കോടതി കെട്ടിടം പൊളിച്ചു മാറ്റേണ്ട അവസ്ഥ ഉണ്ടാകുമെന്നും വാടക കെട്ടിടങ്ങളിലേക്ക് വിവിധ കോടതികൾ പോവുക വഴി പൊതുജനങ്ങൾക്കും അഭിഭാഷകർക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും അദ്ദേഹം സബ്മിഷനിൽ ചൂണ്ടിക്കാട്ടി.

കരുനാഗപ്പള്ളി സബ് കോടതിയും പോസ്കോ കോടതിയും ഇപ്പോൾ വാടകക്കെട്ടിടത്തിലാണ് പ്രസ്തുത കെട്ടിടങ്ങൾ ഒഴിയണമെന്ന് അതിൻറെ ഉടമസ്ഥൻ ആവശ്യപ്പെട്ടിരിക്കുന്നു. കരുനാഗപ്പള്ളിയ്ക്ക് അനുവദിച്ചിട്ടുള്ള മാക്ട് കോടതി ഇതുവരെ ആരംഭിക്കുവാൻ സാധിച്ചിട്ടില്ല.

കരുനാഗപ്പള്ളിയിലെ ദീർഘകാലത്തെ ആവശ്യമായ കോടതി സമുച്ചയം യാഥാർഥ്യമാക്കാൻ നിരവധി കടമ്പകൾ ഉണ്ടെന്ന് സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് ആവശ്യമായ കോട്ടേജുകൾ പണിയാനുള്ള സ്ഥലം ലഭ്യതയാണ് പ്രധാന പ്രശ്നം. നിലവിൽ കോടതിക്കായി ചൂണ്ടിക്കാട്ടിയുള്ള കെട്ടിടസമുച്ചയം ഐ.എച്ച്.ആർ.ഡി. പോളിടെക്നിക് ക്ലാസ്സുകൾ നടക്കുന്ന സ്ഥലമാണ്.

പ്രസ്തുത ക്ലാസുകൾ പോളിടെക്നിക്കിന്റെ മെയിൻ ക്യാമ്പസിലേക്ക് മാറുന്ന മുറയ്ക്ക് കോടതി സമുച്ചയത്തിനായി അനുവദിക്കാവുന്നതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !