സംസ്ഥാനത്ത് ആദ്യമായി ഐ.എസ്.ഒ. അംഗീകാരം നേടിക്കൊണ്ട് കരുനാഗപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസ് സംഘം….

കരുനാഗപ്പള്ളി : നിരവധി അംഗീകാരങ്ങളിലൂടെ ശ്രദ്ധേയമായ കരുനാഗപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി യൂണിറ്റിന് ഐ.എസ്.ഒ. അംഗീകാരവും. അവാർഡ് ദാന ചടങ്ങ് ചൊവ്വാഴ്ച രാവിലെ 10ന് സ്കൂൾ അങ്കണത്തിൽ നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പഠനം, സേവനം, അച്ചടക്കം എന്നീ ലക്ഷ്യങ്ങളുയർത്തി കുട്ടിപ്പോലീസ് സംഘം നടത്തിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് യൂണിറ്റിന് അംഗീകാരം ലഭ്യമായത്. വേറിട്ട നിരവധി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ യൂണിറ്റിന് സംസ്ഥാനത്തെ മികച്ച എസ്.പി.സി. യൂണിറ്റിനുളള അംഗീകാരവും മികച്ച എസ്.പി.സി. യൂണിറ്റ് സി.പി. ഒ. യ്ക്കുള്ള അവാർഡ് സ്കൂൾ അദ്ധ്യാപിക ജി. ശ്രീലതയ്ക്കും ലഭിച്ചിരുന്നു.

നഗരസഭാ അതിർത്തിയിലെ 150 ഓളം കിടപ്പു രോഗികൾക്ക് സാന്ത്വനം പകർന്ന് നടത്തി വരുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾ, ട്രാഫിക് ബോധവൽക്കരത്തിനും, ഗതാഗത നിയന്ത്രണത്തിനുമായി നടത്തി വരുന്ന പ്രവർത്തനങ്ങൾ, ശെന്തരുണി വനമേഖലയിലുൾപ്പടെ നടത്തിയ പ്ലാസ്റ്റിക്ക് നിർമ്മാജന പ്രവർത്തനങ്ങളുൾപ്പെടെയുള്ള പരിസ്ഥിതി പ്രവർത്തനങ്ങൾ, താലൂക്ക് ആശുപത്രിയിൽ ഭക്ഷണവും മറ്റു സഹായങ്ങളും എത്തിച്ചു നൽകിയ പ്രവർത്തനങ്ങൾ, പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിനുള്ളിൽ നടത്തിയ കരനെൽ കൃഷി, പഴയ ഉപകരണങ്ങൾ ശേഖരിച്ച് റിപ്പയർ നടത്തി നിർദ്ധനരായ സഹപാഠികൾക്ക് എത്തിച്ചു നൽകൽ തുടങ്ങി ഏറ്റെടുത്ത വൈവിധ്യമാർന്ന ഒട്ടേറെ പ്രവർത്തനങ്ങളുടെ മികവിലൂടെയാണ് കുട്ടിപ്പോലീസ് സംഘം മികവിന്റെ നെറുകയിൽ എത്തിയത്.

ചൊവ്വാഴ്ച രാവിലെ 10ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഐ.ജി.പി. വിജയൻ സംസ്ഥാന എസ്.പി.സി. യൂണിറ്റിന്റെ അഭിമാനമായ ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങും. ഐ.എസ് ഒ . കേരളാ മാർക്കറ്റിംഗ് മാനേജർ എം. ശ്രീകുമാർ അവാർഡ് സമ്മാനിക്കും. ഇതോടനുബന്ധിച്ചു ചേരുന്ന സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

എസ്.പി.സി. യൂണിറ്റ് സ്ഥാപിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം സിറ്റി പോലീസ് കമ്മീഷണർ പി.കെ. മധു നിർവ്വഹിക്കും. വാർത്താ സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് എം.കെ. അഷ്റഫ്, ഹെഡ്മിസ്ട്രസ് ജെ. ക്ലാരറ്റ്, എസ്.എം.സി. ചെയർമാൻ ബി.എസ്. രഞ്ജിത്ത്, എസ്.പി.സി. സി.പി.ഒ. ശ്രീലത, സ്റ്റാഫ് സെക്രട്ടറി സോപാനം ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !