കരുനാഗപ്പള്ളി നഗരസഭയിൽ മെഗാ ഫയൽ തീർപ്പാക്കൽ അദാലത്ത് തുടങ്ങി….

കരുനാഗപ്പള്ളി : നിയമങ്ങളും ചട്ടങ്ങളും ജനങ്ങൾക്ക് ഉപകാരപ്രദമായി മാറുന്ന രീതിയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ ഫയൽ തീർപ്പാക്കൽ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നിയമങ്ങളിൽ മാറ്റം വരുത്താനുള്ള നടപടികൾ ഗാന്ധിജയന്തി ദിനം മുതൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സി ആർ മഹേഷ് എം.എൽ.എ. അധ്യക്ഷനായി. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു സ്വാഗതം പറഞ്ഞു. സെക്രട്ടറി എ.ഫൈസൽ റിപ്പോർട്ട് അവതരിപ്പിച്ചു.

വൈസ് ചെയർപേഴ്സൺ എ.സുനിമോൾ, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ എം.ശോഭന, ഡോ. പി.മീന, ഇന്ദുലേഖ, എൽ.ശ്രീലത, പടിപ്പുര ലത്തീഫ്, നഗരസഭാ കൗൺസിലർമാരായ എം.അൻസാർ, സതീഷ് സേവനത്ത് എന്നിവർ സംസാരിച്ചു. ശനിയാഴ്ച മുതൽ വിവിധ വാർഡുകളിൽ നഗരസഭാ ചെയർമാൻ നേരിട്ടെത്തി പരാതി സ്വീകരിക്കും. ഒരു ദിവസം അഞ്ച് വാർഡുകളിൽ വീതം ഏഴു ദിവസം കൊണ്ട് അദാലത്ത് പൂർത്തിയാക്കും. വാർഡ് തലത്തിൽ നടക്കുന്ന അദാലത്തുകൾ വഴി ലഭിക്കുന്ന പരാതികൾ നവംബർ 5 മുതൽ നഗരസഭയിൽ നടക്കുന്ന മെഗാ അദാലത്തിൽ തീർപ്പാക്കും.

നഗരസഭയിൽ അപേക്ഷ നൽകിയിട്ടും വിവിധ കാരണങ്ങളാൽ തീർപ്പാക്കാൻ കഴിയാത്ത ഫയലുകൾ സംബന്ധിച്ച അപേക്ഷകൾ പൊതുജനങ്ങൾ നഗരസഭാ ചെയർമാന് നേരിട്ട് നൽകാവുന്നതാണ്. ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !