തഴവ ഗ്രാമവും ഇനി തപാൽ വകുപ്പിലൂടെ നാടറിയും… പ്രത്യേക തപാൽ കവറുകൾ പുറത്തിറക്കി….

കരുനാഗപ്പള്ളി : തഴപ്പായിലൂടെ ലോക ശ്രദ്ധയാകർഷിച്ച തഴവ ഗ്രാമവും ഇനി തപാൽ വകുപ്പിലൂടെ നാടറിയും. തഴവയുടെ സ്വന്തം തഴ ഉൽപ്പന്നങ്ങളുടെ ഖ്യാതി ലോകത്തെ അറിയിക്കാൻ തപാൽ വകുപ്പിൻ്റെ പദ്ധതിക്കും തുടക്കമായി. ഇതിൻ്റെ ഭാഗമായി തഴ ഉൽപ്പന്നങ്ങളുടെ ചിത്രങ്ങളും പ്രാധാന്യവും രേപ്പെടുത്തിയ പ്രത്യേക തപാൽ കവറുകൾ തപാൽ വകുപ്പ് പുറത്തിറക്കി.

കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ നടന്ന ചടങ്ങിലാണ് പ്രത്യേക കവറുകൾ പ്രകാശനം ചെയ്തത്. തപാൽ വകുപ്പ് പ്രസിദ്ധീകരിച്ച കവറിന്റെ ഒരു ഭാഗത്ത് തഴകൊണ്ട് നിർമിച്ച വിവിധ ഉൽപ്പന്നങ്ങളുടെ ചിത്രങ്ങളും മറുഭാഗത്ത് തഴ നെയ്ത്തിന്റെ പ്രധാന്യവും രേഖപ്പെടുത്തിയിരിക്കുന്നു. എണ്ണൂറ് വർഷത്തോളം പഴക്കമുള്ള പരമ്പരാഗത വ്യവസായമാണ് തഴ നെയ്‌ത്തെന്ന് ഇതിൽ വിശദീകരിക്കുന്നു. പരിസ്ഥിതി സൗഹൃദമായ തഴ ഉൽപ്പന്നങ്ങൾക്ക് 2008-ൽ ഭൗമസൂചിക അംഗീകാരം ലഭിച്ചിരുന്നു.

കൊല്ലം ജില്ലയിലെ തഴവ, കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ്, തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ എന്നിവിടങ്ങളാണ് തഴ നെയ്ത്തിന്റെ പ്രധാന കേന്ദ്രങ്ങളെന്നും തപാൽ വകുപ്പ് പുറത്തിറക്കിയ കവറിൽ പ്രത്യേകമായി സൂചിപ്പിക്കുന്നുണ്ട്. ഇതോടെ തഴഉൽപ്പന്നങ്ങളിലൂടെ ശ്രദ്ധേയമായി മാറിയ തഴവ ഗ്രാമം ഇനി മുതൽ രാജ്യത്തെ തപാൽ വകുപ്പിലൂടെയും ലോകമറിയാൻ അവസരമുണ്ടായിരിക്കുകയാണ്. 2019 ൽ പൈതൃകഗ്രാമം പദ്ധതിയിൽ സംസ്ഥാന സർക്കാർ തഴവയെ ഉൾപ്പെടുത്തിയിരുന്നു.

ടൗൺ ക്ലബ്ബിൽ നടന്ന ചടങ്ങിൽ കേരളാ സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ഷൂലി ബർമാൻ തപാൽകവർ പ്രകാശനം ചെയ്തു. തഴവ ബി.ജെ.എസ്.എം മഠത്തിൽ എച്ച്.എസ്.എസ്. മാനേജർ അനൂപ് രവി ആദ്യകവർ ഏറ്റുവാങ്ങി. മുതിർന്ന തഴ നെയ്ത്ത് തൊഴിലാളി ശങ്കരിയെ ചൊന്നാട അണിയിച്ച് ചടങ്ങിൽ ആദരിച്ചു. കരുനാഗപ്പള്ളി എസ്.എൻ സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പാൽ ഡോ. സിന്ധു സത്യദാസ്, മുൻ പഞ്ചായത്ത് അംഗം സലിം അമ്പീത്തറ, പഞ്ചായത്ത് അംഗം സുജ, കൊല്ലം ഡിവിഷൻ സീനിയർ സൂപ്രണ്ട് എ.ആർ. രഘുനാഥൻ, അസിസ്റ്റന്റ് സൂപ്രണ്ട് എം. സലീന തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !