കരുനാഗപ്പള്ളി : ലോക്ഡൗണിൻ്റെ പശ്ഛാത്തലത്തിൽ തൊഴിലിടങ്ങളിലെ വാസസ്ഥലങ്ങളിൽ കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റുകൾ എത്തിച്ചു നൽകുന്ന നടപടിക്ക് കരുനാഗപ്പള്ളി താലൂക്കിൽ തുടക്കമായി.
കോവിഡ് 19 ഭീഷണിയുടെ പശ്ഛാത്തലത്തിൽ തൊഴിലിടങ്ങളിലെ വാസസ്ഥലങ്ങളിൽ കുടുങ്ങിപ്പോയ കോൺട്രാക്ടർമാരില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിൽ ശേഖരിച്ചിരുന്നു.
ഓച്ചിറ – 140, ആലപ്പാട് – 37, കരുനാഗപ്പള്ളി -26, കുലശേഖരപുരം -84, തഴവ – 19, തൊടിയൂർ-86,പൻ മന- 49, ചവറ – 153 ,തേവലക്കര – 7, നീണ്ടകര – 145 എന്നിങ്ങനെ ആകെ 738 തൊഴിലാളികളെയാണ് താലൂക്കിൽ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞ ദിവസം ആർ. രാമചന്ദ്രൻ എം.എൽ.എ. വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ തീരുമാനമായിരുന്നു.
പഞ്ചായത്തടിസ്ഥാനത്തിൽ തൊഴിൽ വകുപ്പ് കണ്ടെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കാൻ ഓച്ചിറ ബി.ഡി.ഒ. ആർ. അജയകുമാർ, അസിസ്റ്റൻ്റ് ലേബർ ഓഫീസർ സുജ എന്നിവരെ യോഗം ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിൽ സപ്ലെകോയിൽ നിന്നും ആദ്യഘട്ടമായി ലഭ്യമാക്കിയ അരി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കൈമാറി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തൊഴിലാളികളുടെ വാസസ്ഥലങ്ങളിൽ ഇവ എത്തിച്ചു നൽകും. ഒരാൾക്ക് 5 കിലോ അരി എന്ന ക്രമത്തിലാണ് നൽകുന്നത്. പലവ്യഞ്ജനങ്ങൾ ഉൾപ്പടെ പിന്നീട് നൽകാനാണ് തീരുമാനം.