കരുനാഗപ്പള്ളി: പോക്‌സോ കേസുകൾക്കായി സംസ്ഥാനത്ത് ആരംഭിക്കുന്ന 17 അതിവേഗ പ്രത്യേക കോടതികൾക്കൊപ്പം കരുനാഗപ്പള്ളിയിലെ പോക്സോ കോടതി ചൊവ്വാഴ്‌ച പകൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് എസ്. മണികുമാറും ചേർന്ന് ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യും. ആലുംമുക്കിന് സമീപമാണ് കോടതി.
ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്ജ് സി.സുരേഷ്‌കുമാർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിരുന്നു. ബാർ അസോസിയേഷൻ ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു. പോക്സോ കോടതി പ്രവർത്തനം തുടങ്ങുന്നതോടെ കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിലെ പോക്സോ കേസുകൾ ഇവിടേക്ക് മാറ്റും.
ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള ജഡ്ജിയാണ് പോക്സോ കോടതിയിലും ഉണ്ടാകുക. ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടർ, സീനിയർ ക്ലാർക്ക്, ബഞ്ച് ക്ലാർക്ക്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ്, അറ്റൻഡർ എന്നിങ്ങനെയാണ് കോടതിയിലെ ജീവനക്കാർ. അടച്ചിട്ട മുറിയിലായിരിക്കും കോടതി നടപടികൾ. കരുനാഗപ്പള്ളിയിൽ അനുവദിച്ചിട്ടുള്ള കോടതി സമുച്ചയം യാഥാർത്ഥ്യമാകുന്നതോടെ പോക്സോ കോടതിയും അവിടേക്ക് മാറ്റും.