നിർമ്മിതി കോളനി വിഷയത്തിൽ എ.എം. ആരിഫ് എം.പി. മുഖ്യമന്ത്രിക്കും തദ്ദേശമന്ത്രിക്കും നിവേദനം നൽകി… ലൈഫ്മിഷൻ അധികൃതർ കോളനി സന്ദർശിക്കും…

കരുനാഗപ്പള്ളി : ആർത്തലച്ചു പെയ്യുന്ന പേമാരിയിൽ ഏതുനിമിഷവും നിലംപൊത്താവുന്ന ചോർന്ന് ഒലിക്കുന്ന വീടുകളിൽ ഭീതിയോടെ കഴിയുന്ന ക്ലാപ്പനയിലെ നിർമ്മിതി കോളനിയിലെ വീട്ടുകാർക്ക് ആശ്വാസമായി അഡ്വ എ എം ആരിഫ് എം.പി. യുടെ ഇടപെടൽ.കോളനി നിവാസികളുടെ ദുരിത ജീവിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എ.എം. ആരിഫ് എം.പി. മുഖ്യമന്ത്രി പിണറായി വിജയനെയും തദ്ദേശമന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്ററേയും നേരിൽ കണ്ട് നിവേദനം നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ലൈഫ്മിഷൻ സി.ഇ.ഒ. അടുത്ത ദിവസങ്ങളിൽ കോളനി സന്ദർശിക്കാമെന്ന് ഉറപ്പു നൽകിയതായും എം.പി. അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് വീടിൻ്റെ കോൺക്രീറ്റ് മേൽക്കൂരയുൾപ്പടെ അടർന്നു വീഴുകയും ചോർന്നൊലിക്കുകയും ചെയ്യുന്ന മുറികളിലാണ് 33 ഓളം വീടുകളിലെ താമസക്കാർ കഴിയുന്നത്. ഇക്കാര്യം മാദ്ധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് എ.എം ആരിഫ് എം.പി. കോളനി സന്ദർശിച്ചിരുന്നു.

പഞ്ചായത്ത് പ്രസിഡൻ്റ് മിനിമോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദീപ്തി രവീന്ദ്രൻ, വാർഡ് മെമ്പർ ബിന്ദു എന്നിവർക്കൊപ്പമാണ് എം.പി. സന്ദർശനം നടത്തിയത്.തുടർന്ന് പ്രശ്നത്തിൽ ഇടപെടാമെന്ന് എം.പി. ഉറപ്പുനൽകിയിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച എം പി മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരെ നേരിൽ കണ്ട് പ്രശ്നം അവതരിപ്പിച്ചത്.

1984 ൽ കൊല്ലം ജില്ലാ കളക്ടർ സംഘടിപ്പിച്ച -ഫയലിൽനിന്നും വയലിലേക്ക് – എന്ന പരിപാടിയുടെ ഭാഗമായി നടത്തിയ സമൂഹ വിവാഹത്തിൽ, വിവാഹിതരായ നിർധനരായ ദമ്പതികൾക്കുള്ള പുനരധിവാസപദ്ധതിയുടെ ഭാഗമായാണ് ആയിരംതെങ്ങിനു സമീപം നിർമ്മിതി കേന്ദ്രത്തെ കൊണ്ട് ചെലവ് കുറഞ്ഞ നിർമ്മാണരീതി അവലംബിച്ച് കോളനി നിർമ്മിച്ചത്.

ക്ലാപ്പന ഒന്നാം വർഡിൽ 41 വീടുകൾ ഉൾക്കൊള്ളുന്നതാണ് നിർമ്മിതി കോളനി. ഇതിൽ 33 ഓളം വീടുകൾ കാലപ്പഴക്കത്താൽ ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്.കെട്ടിടങ്ങളുടെ സ്ലാബുകളിൽ നിന്നും ബീമുകളിൽ നിന്നും കോൺക്രീറ്റ് അടർന്ന് വീണ് വീടുകളിലെ താമസക്കാർക്ക് പരിക്കേൽക്കുന്നതുൾപ്പടെ നിത്യസംഭവമായിരുന്നു.

ഈ സാഹചര്യത്തിൽ കോളനി നിവാസികൾക്കായി ലൈഫ്മിഷൻ പദ്ധതിയിൽ വീട് നൽകാൻ ആലോചന നടന്നിരുന്നു. എന്നാൽ ലൈഫ് മിഷൻ ഗുണഭോക്കാക്കളെ കണ്ടെത്തുന്നതിന് നിഷ്കർഷിച്ചിരുന്ന അർഹതാ മാനദണ്ഡങ്ങളിൽ ഇവിടുത്തെ കെട്ടിടങ്ങളുടെ നിർമിമ്മിതി ഘടന കാരണം ഇവർ പട്ടികയിൽ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടില്ല.എന്നാൽ പതിനഞ്ച് വർഷത്തിന് മുകളിലായി നിർമ്മിതി കോളനിയിലെ വീടുകൾ വാസയോഗ്യമല്ലാതായിരിക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്.

നിലവിൽ നിർമ്മിതി കോളനികളുടെ വീടുകൾ എല്ലാം തന്നെ ജീർണ്ണിച്ച കോൺക്രീറ്റ് മേൽക്കൂര യോട് കൂടിയതും വാസയോഗ്യമല്ലാത്തതുമായ സ്വാതായിലാണ്. കോളനി നിവാസികൾ വീടാനായി ലൈഫ് പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനായി കേരളാ ഗവൺമെൻ്റിൽ നിന്നും അനുമതിയോടെ മാത്രമേ നിർമ്മിതി കോളനി അന്തേവാസികളെ ലൈഫ് പദ്ധതിയിലേക്ക് പരിഗണിക്കാൻ കഴിയുകയുള്ളു. ഈ സാഹചര്യത്തിൽ
നിർമ്മിതി കോളനിയുടെ പുനരധിവാസ പ്രവർത്തനത്തിനുള്ള ഇടപെടൽ വേഗത്തിലാക്കാൻ അനുഭാവപൂർവ്വമായ നടപടി ഉണ്ടാകണമെന്നാണ് നിവേദനത്തിലൂടെ എം.പി. ആവിശ്യപ്പെട്ടത്. ഇതേ തുടർന്നാണ് ഇപ്പോൾ തുടർ നടപടികൾ ഉണ്ടായിരിക്കുന്നത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !