പള്ളിക്കലാറിൽ നിർമ്മിച്ച തടയണ സംബന്ധിച്ച്….

കരുനാഗപ്പള്ളി : തൊടിയൂർ പാലത്തിനു സമീപം പള്ളിക്കലാറിൽ നിർമ്മിച്ച തടയണ സംബന്ധിച്ച് ഉയർന്ന പരാതികൾ പരിഹരിക്കുന്നതിനായി തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേർന്നു ഏതാനും ദിവസങ്ങൾക്കകം പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണാൻ യോഗത്തിൽ തീരുമാനമായി.

ഹരിതകേരളാ മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ ടി എൻ സീമയുടെ സാന്നിദ്ധ്യത്തിലാണ് യോഗം ചേർന്നത്. പള്ളിക്കലാറിൽ നിർമിച്ച തടണ അശാസ്ത്രീയമാണെന്നും ഇതുമൂലം വട്ടക്കായലിൽ കൃഷിയിറക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. സമീപത്തെ നിരവധി പാടശേഖരങ്ങളിൽ വെള്ളം കയറിയതായും യോഗത്തിൽ ആരോപണം ഉയർന്നു.  20 മീറ്റർ വീതിയിൽ വെള്ളം ഒഴുകിക്കൊണ്ടിരുന്ന പള്ളിക്കലാറിന് കുറുകെ  നിർമിച്ച തടയണയിലൂടെ മൂന്ന് മീറ്റർ വീതിയിൽ മാത്രമായി വെള്ളം ഒഴുക്കി വിട്ടതാണ് പാടശേഖരങ്ങളിൽ വെള്ളം കയറാൻ കാരണമെന്നാണ് കർഷകരുടെ ഉൾപ്പടെ അഭിപ്രായം.  ഷട്ടർ സംവിധാനം ഇല്ലാത്തതിനാൽ കൂടുതലായി വെള്ളം ഒഴുക്കി വിടാനും സാധിക്കുന്നില്ല.  ഇതോടെ നെൽകൃഷി ഉൾപ്പെടെ ചെയ്യാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടായി.  കഴിഞ്ഞ മഴയിൽ നിരവധി വീടുകളിലും വെള്ളം കയറിയിരുന്നു.  തടയണയ്‌ക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധവും ശക്തമായ സാഹചര്യത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എ ഇടപെട്ടാണ് അടിയന്തിര യോഗം വിളിപ്പിച്ചത്.
പാടശേഖരങ്ങളിൽ വെള്ളം കയറിയത് കാരണം കൃഷി ചെയ്യാൻ സാധിക്കാത്ത അവസ്ഥ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പാടശേഖരസമിതി ഭാരവാഹികളും യോഗത്തിൽ അറിയിച്ചു.

പ്രശ്‌നത്തിന് അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കിൽ ഇത്തവണ കൃഷി ഇറക്കാൻ സാധിക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

650 ഏക്കർ വരുന്ന തഴവ – തൊടിയൂർ വട്ടക്കായലിലും ചുരുളി പാടശേഖരങ്ങളിലും കൃഷി ഇറക്കാൻ സാധിക്കുന്നില്ലെന്നും യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടു.
പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണാൻ സാധ്യമായ മാർഗങ്ങൾ അടിയന്തിരമായി പരിശോധിക്കാൻ യോഗം തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം 24-ന് സ്ഥലം സന്ദർശിക്കും.  ചീഫ് എൻജിയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. ആർ രാമചന്ദ്രൻ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  ഇറിഗേഷൻ ചീഫ് എൻജിനിയർ ഷംസുദീൻ, സൂപ്രണ്ടിങ് എൻജിനിയർ ഉദയകുമാർ, ഇറിഗേഷൻ എക്‌സി. എൻജിനിയർ മനോജ്, ഹരിതകേരളാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഐസക്, ഓച്ചിറ കൃഷി അസിസ്റ്റൻഡ് ഡയറക്ടർ ഷെറിൻ മുള്ളർ, തഴവ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത, പഞ്ചായത്ത് അംഗം അഡ്വ ആർ അമ്പിളിക്കുട്ടൻ,കൃഷി ഓഫീസർ റോസ് ലിൻ, പാടശേഖരസമിതി ഭാരവാഹികളായ രഘുനാഥൻ, സുന്ദരകുമാർ തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !