കരുനാഗപ്പള്ളി : പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിക്ക് നഗരസഭയിൽ തുടക്കമായി. -സുപ്രഭാതം- എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയിലെ തെരെഞ്ഞെടുക്കപ്പെട്ട അഞ്ച് പ്രൈമറി സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഏഴ് ലക്ഷം രൂപയാണ് ഇതിനായി മാറ്റി വച്ചിരിക്കുന്നത്. ഓരോ ദിവസവും വ്യത്യസ്ത രീതിയിലുള്ള ഭക്ഷണമാണ് കുട്ടികൾക്ക് പ്രഭാത ഭക്ഷണമായി നൽകുന്നത്.
2019- 2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതി കുടുംബശ്രീ വഴിയാണ് നടപ്പാക്കുന്നത്. കരുനാഗപ്പള്ളി ഗവ. മുസ്ലീം എൽ.പി.എസിൽ നടന്ന പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്സൺ എം ശോഭന നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം മഞ്ജു അധ്യക്ഷയായി. ഹെഡ്മിസ്ട്രസ് സൗദാബീഗം, സ്ഥിരം സമിതി അധ്യക്ഷ വസുമതി, നഗരസഭാ കൗൺസിലർമാരായ എൻ.സി. ശ്രീകുമാർ , സി.വിജയൻ പിള്ള, ഷംസുദ്ദീൻ, നസീം, മെഹർ ഹമീദ്, സുജി, ശിവപ്രസാദ്, നിർവ്വഹണ ഉദ്യോഗസ്ഥൻ സോപാനം ശ്രീകുമാർ, പി.ടി.എ. ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
ഗവ. മുസ്ലീം എൽ.പി.എസ്. കൂടാതെ ആലപ്പാട് ഗവ.എൽ പി എസ്., കോഴിക്കോട് ഗവ. എൽ.പി.എസ്., മരുതൂർക്കുളങ്ങര ഗവ.എൽ.പി.എസ്., കരുനാഗപ്പള്ളി ടൗൺ എൽ.പി.എസ് തുടങ്ങിയ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.