വിശന്നുവലയുന്നവർക്കായി കരുനാഗപ്പള്ളി പുതിയകാവിൽ ഇതാ ഒരു ഫുഡ് ബാങ്ക്….

കരുനാഗപ്പള്ളി : വിശന്ന് വലയുന്നവർ ഇനി ഭക്ഷണത്തിനായി ആരുടെയും മുന്നിൽ കൈ നീട്ടേണ്ടതില്ല. വിശക്കുന്നവയറുകളെ കാത്ത് പുതിയകാവ് നെഞ്ചുരോഗാശുപത്രിക്കു സമീപം ഫുഡ്ബാങ്ക് (ഹാപ്പി ഫ്രിഡ്ജ്) റെഡി. ഇവിടെ നിന്നും വിശക്കുന്ന ആർക്കും ആഹാരം എടുക്കാം.

കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്‌നേഹസാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയാണ് നൻമയുടെ പുതിയ പാഠം രചിച്ച് ഫുഡ് ബാങ്ക് യാഥാർത്ഥ്യമാക്കിയത്. ആരും വിശക്കരുത് എന്ന സന്ദേശവുമായാണ് ഫുഡ് ബാങ്ക് പദ്ധതി. വിശന്നുവലഞ്ഞെത്തുന്ന അശരണർക്ക് ഇവിടെ ഭക്ഷണപ്പൊതികൾക്കൊപ്പം കുടിവെള്ളവും ലഭ്യമാകും.

നല്ല മനസുള്ള ആർക്കും ഇവിടെ ആഹാര സാധനങ്ങൾ നിക്ഷേപിക്കുകയും ചെയ്യാം. എല്ലാവർക്കും പൊതുവിൽ ഉപയോഗിക്കാൻ കഴിയുന്നതും എളുപ്പത്തിൽ നശിക്കാത്തതുമായ ഭക്ഷണ സാധനങ്ങൾ മാത്രമേ നിക്ഷേപിക്കാവൂ എന്നു മാത്രം. പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണങ്ങൾ നിക്ഷേപിക്കരുതെന്നും സംഘാടകർ അഭ്യർത്ഥിക്കുന്നു.

സ്‌നേഹസാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് കരുനാഗപ്പള്ളിയിൽ പദ്ധതി യാഥാർത്ഥ്യമാക്കിയത്. പുതിയകാവ് നെഞ്ചുരോഗാശുപത്രിക്കു സമീപത്തെ നന്മ ബിൽഡിംഗിലാണ് ഹാപ്പി ഫ്രിഡ്ജ് സ്ഥാപിച്ചിരിക്കുന്നത്.

കരുനാഗപ്പള്ളി എസ്.ഐ. അലോഷ്യസ് അലക്‌സാണ്ടർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്‌നേഹസാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി മുഖ്യ രക്ഷാധികാരി പി. ശിവരിജൻ, ട്രഷറർ ഹനീഫ, അംഗങ്ങളായ ഹുസൈൻ, നൗഷാദ്, അബ്ദുൽ സലാം, അനിൽ, ശ്രീകുമാർ, സക്കീർ, നൗഫൽ തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !