കൈത്താങ്ങ് ഒരുക്കി റെയിൽവേസ്റ്റേഷൻ മാനേജർ പടിയിറങ്ങി…

കരുനാഗപ്പള്ളി : നാട് മഹാമാരിയെ നേരിടുമ്പോൾ തൻ്റെ സഹജീവികളായ സാധാരണ മനുഷ്യർക്ക് കൈത്താങ്ങ് ഒരുക്കി റെയിൽവേ സ്റ്റേഷൻ മാനേജരുടെ വേറിട്ട പടിയിറക്കം. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ മാനേജർ ജി.രത്നാകരനാണ് തൻ്റെ സർവീസ് ജീവിതം അവസാനിപ്പിക്കുമ്പോൾ താൻ ജോലി ചെയ്തിരുന്ന റെയിൽവേസ്റ്റേഷൻ പരിസരത്തെ സാധാരണ മനുഷ്യർക്ക് കൈത്താങ്ങായി മാറിയത്.

37 വർഷത്തെ റെയിൽവേ സർവ്വീസിനു ശേഷം വിരമിക്കുമ്പോൾ താൻ ജോലി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്ഥിരം കാണുന്ന മനുഷ്യരെയും അദ്ദേഹം മറന്നില്ല. റെയിൽവേ പോർട്ടർമാർ, റെയിൽവേ സ്റ്റേഷനിലെ ഓട്ടോഡ്രൈവർമാർ തുടങ്ങി റെയിൽവേ സ്റ്റേഷനും സമീപത്തുള്ള സാധാരണക്കാർക്ക് ഭക്ഷ്യ കിറ്റുകൾ സംഭാവനയായി നൽകിക്കൊണ്ടാണ് ആണ് വിടവാങ്ങൽ ചടങ്ങ് സംഘടിപ്പിച്ചത്.

സംസ്ഥാന സർക്കാരിൻ്റെ വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകാനും അദ്ദേഹം മനസ്സ് കാട്ടി. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ ഭക്ഷ്യ കിറ്റുകൾ കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡൻ്റും മുൻ എം.പി. യുമായ അഡ്വ. സി.എസ്. സുജാത ഏറ്റുവാങ്ങി. തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സലിം മണ്ണേൽ, രാജേഷ്, നജീബ് മണ്ണേൽ, കെ.കെ. രവി തുടങ്ങിയവർ പങ്കെടുത്തു.

കരുനാഗപ്പള്ളി, പടനായർകുളങ്ങര വടക്ക്, രത്നശ്രീയിൽ ജി രത്നാകരൻ 37 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് റെയിൽവേയോടു വിട പറയുന്നത്. 1983 ൽ മധുര ഡിവിഷനിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ മാസ്റ്ററായിട്ടായിരുന്നു ആദ്യ നിയമനം. ദക്ഷിണ റയിൽവേ എംപ്ലോയിസ് യൂണിയൻ അസിസ്റ്റൻ്റ് ഡിവിഷൻ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. ആൾ ഇൻഡ്യാ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ ഭാരവാഹിയും നിരവധി സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ സജീവ പ്രവർത്തകനുമാണ്. കായംകുളം സബ് രജിസ്ട്രാറായി ജോലി ചെയ്യുന്ന എസ് ജയശ്രീയാണ് ഭാര്യ. മകൻ: സൂരജ്‌.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !