അനധികൃതമായി കടത്താൻ ശ്രമിച്ച റേഷനരി പിടികൂടി….

കരുനാഗപ്പള്ളി : അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷനരിയും ഗോതമ്പും പോലീസ് പിടികൂടി. കുലശേഖരപുരം, കടത്തുർ, പുത്തൻപുരയിൽ, മുഹമ്മദ് കുഞ്ഞിൻ്റെ (73) വീട്ടിൽ നിന്നാണ് റേഷൻ സാധനങ്ങൾ പിടികൂടിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എ.സി.പി. യുടെ നിർദ്ദേശപ്രകാരംപുലർച്ചെ മൂന്ന് മണിയോടെ നടന്ന പരിശോധനയിലാണ് റേഷൻ സാധനങ്ങൾ പിടികൂടിയത്.

വിതരണത്തിനായി വീടിന് സമീപത്ത് മിനിലോറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന 163 ചാക്ക് അരിയും 8 ചാക്ക് ഗോതമ്പുമാണ് പിടിച്ചെടുത്തത്. റേഷൻധാന്യങ്ങൾ പോളീഷ് ചെയ്ത് പുതിയ ബ്രാൻഡഡ് പേരിൽ മാർക്കറ്റിൽ വിതരണം ചെയ്യുന്നതിനായാണ് ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ചതായാണ് വിവരം. പോലീസ് എത്തുന്നതു കണ്ട ലോറിയുടെ ഡ്രൈവർ ഓടി രക്ഷപെട്ടു. ഒപ്പമുണ്ടായിരുന്ന മുഹമ്മദ് കുഞ്ഞിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങൾ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് ഇവ സിവിൽ സപ്ലൈസ് അധികൃതർക്ക് കൈമാറി. എസ്.ഐ. മാരായ ജയശങ്കർ, അലോഷ്യസ്, സിദ്ധിഖ്, റസൽ, സി.പി.ഒ. രാജീവ്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ തമ്പാൻ, വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !