വാതിൽപ്പടി സേവന പദ്ധതിക്ക് തുടക്കമായി…. ഗുണഭോക്താക്കൾക്ക് അംഗീകാരപത്രം വിതരണം ചെയ്തു…

കരുനാഗപ്പള്ളി : അശരണർക്കും കിടപ്പിലായവർക്കും സർക്കാർ സേവനങ്ങൾ നേരിട്ടെത്തിക്കുന്ന വാതിൽപ്പടി സേവന പദ്ധതിയ്ക്ക് കരുനാഗപ്പള്ളി താലൂക്കിൽ തുടക്കമായി.

ജില്ലയിൽ പൈലറ്റ് പ്രൊജക്ടായി നടപ്പാക്കുന്ന കരുനാഗപ്പള്ളി നഗരസഭയിലും ക്ലാപ്പന പഞ്ചായത്തിലുമാണ് പദ്ധതിക്ക് തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി നഗരസഭയിൽ നടന്ന മടങ്ങ് ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. ഗുണഭോക്താക്കൾക്ക് അംഗീകാരപത്രം തഹസിൽദാർ പി.ഷിബു വിതരണം ചെയ്യുന്നു.

തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കുള്ള അംഗീകാരപത്രവും രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകർക്കുള്ള തിരിച്ചറിയൽ കാർഡും തഹസീൽദാർ പി ഷിബു വിതരണം ചെയ്തു. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ പി മീന അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫൈസൽ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്ഥിരം സമിതി അധ്യക്ഷരായ എൽ ശ്രീലത, ഇന്ദുലേഖ നഗരസഭാ കൗൺസിലർമർ തുടങ്ങിയവർ പങ്കെടുത്തു.

ക്ലാപ്പനയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജീവ് ഓണമ്പള്ളിൽ, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ അംബുജാക്ഷി, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വെള്ളിയാഴ്ച വൈകിട്ട് സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം അതാത് തദ്ദേശ സ്ഥാപനങ്ങളും പദ്ധതിയുടെ ഉദ്ഘാടനം നടന്നു.

വയോജനങ്ങൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കും ഒറ്റപ്പെട്ടുപോയവർക്കും സുരക്ഷിതമായ ജീവിതത്തിന് ആവശ്യമായ സേവനങ്ങൾ വാതിൽപ്പടിയിൽ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ആരോഗ്യ വോളണ്ടിയർമാർ, ആശാവർക്കർമാർ, പാലിയേറ്റീവ് കെയർ പ്രവർത്തകർ, സന്നദ്ധ സംഘടനാ ഭാരവാഹികൾ, സേവന താൽപ്പരായ യുവാക്കൾ എന്നിവരെ കൂട്ടിയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.

പെൻഷൻ അപേക്ഷ തയ്യാറാക്കി നൽകൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായത്തിന് അപേക്ഷ നൽകാനുള്ള സഹായം, ജീവൻരക്ഷാ മരുന്നുകൾ വാങ്ങി കിടപ്പുരോഗികൾക്ക് വീട്ടിൽ എത്തിക്കുക തുടങ്ങിയ എല്ലാ ആവശ്യ സേവനങ്ങളും ഇതുവഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.

പദ്ധതിയുടെ നടത്തിപ്പിനായി ഓരോ വാർഡിലും പഞ്ചായത്ത് അംഗത്തിന്റെ അധ്യക്ഷതയിലുള്ള കോർ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ആശാവർക്കർ, കുടുംബശ്രീ പ്രതിനിധി, സന്നദ്ധ സേവന വോളണ്ടിയർമാർ എന്നിവരാണ് കമ്മിറ്റിയിലുള്ളത്.

ചിത്രം: വാതിൽപ്പടി സേവന പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയിൽ ഗുണഭോക്താക്കൾക്ക് അംഗീകാരപത്രം തഹസിൽദാർ പി.ഷിബു വിതരണം ചെയ്യുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !