രക്ഷകനായി റിയാസ്… ആദിൽ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്….

കരുനാഗപ്പള്ളി : പള്ളിക്കലാറിന്റെ ഒഴുക്കിൽനിന്ന് ആദിൽ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രക്ഷകനായി റിയാസ് എത്തി.

തൊടിയൂർ തെക്കുംനിലത്ത് തറയിൽ അബ്ദുൽ സലിമിന്റെയും സീനത്തിന്റെയും മകനായ ആദിൽ(11) വ്യാഴാഴ്ച വൈകീട്ട് പള്ളിക്കലാറിന്റെ തീരത്തുനിന്ന്‌ ആദിൽ കാൽവഴുതി ആറ്റിൽ വീഴുകയായിരുന്നു. ഉടൻ ശക്തമായ ഒഴുക്കിൽപ്പെട്ടു. ഇതുകണ്ട തീരത്തുണ്ടായിരുന്നവർ എന്തുചെയ്യണമെന്നറിയാതെ നിലവിളിച്ചു.

അപ്പോഴേക്കും കുട്ടി ആറിന്റെ മധ്യഭാഗത്ത് മുങ്ങിത്താഴ്‌ന്നുകൊണ്ടിരിക്കുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ തഴവ കുറ്റിപ്പുറം പറമ്പിൽ വീട്ടിൽ റിയാസ് ഒഴുക്കിലേക്ക് എടുത്തുചാടി. വളരെ വേഗത്തിൽ നീന്തി അടുത്തെത്തി കുട്ടിയെ എടുത്തുയർത്തി, തീരത്തുണ്ടായിരുന്ന നാട്ടുകാരുടെ സഹായത്തോടെ കരയ്ക്കെത്തിച്ചു.

സുഹൃത്തായ ഷിയാസ് ഖാന്റെ നേതൃത്വത്തിൽ കരുതൽ കിറ്റ് വിതരണത്തിനായി എത്തിയതായിരുന്നു റിയാസ്. വീടുകളിൽ കിറ്റുകൾ നൽകിക്കൊണ്ടിരിക്കെയാണ് നിലവിളികേട്ട് ഓടിയെത്തിയത്. തുടർച്ചയായ മഴയിൽ ആറ്റിൽ ശക്തമായ ഒഴുക്കായിരുന്നു.
ഒഴുക്കിനെക്കുറിച്ചോ സ്വന്തം ജീവനെക്കുറിച്ചോ ചിന്തിച്ചിരുന്നില്ലെന്നും കുട്ടിയെ രക്ഷിക്കണമെന്നതുമാത്രമായിരുന്നു ലക്ഷ്യമെന്നും റിയാസ് പറയുന്നു.

വെള്ളിയാഴ്ച ആദിലിന്റെ പതിനൊന്നാം പിറന്നാളായിരുന്നു. വൈകീട്ട് റിയാസും സുഹൃത്തുക്കളും ആദിലിന്റെ വീട്ടിലെത്തി കേക്കും സമ്മാനങ്ങളും കൈമാറി. വീട്ടുകാർക്കൊപ്പം പിറന്നാളിൽ പങ്കുകൊണ്ടശേഷമാണ് മടങ്ങിയത്. കൊറ്റിനാക്കാല യു.പി.എസിലെ വിദ്യാർഥിയാണ് ആദിൽ. ഇനി ആറാംക്ലാസിലാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !