കരുനാഗപ്പള്ളിയിൽ ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി….

കരുനാഗപ്പള്ളി : ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ അതിർത്തി കല്ലുകളുടെ പരിശോധനയ്ക്ക് തുടക്കമായി. ആദ്യ രണ്ടു ദിവസത്തെ പരിശോധനയിൽ പതിനഞ്ചോളം കല്ലുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗം കരുനാഗപ്പള്ളി സ്‌പെഷ്യൽ തഹസിൽദാർ എസ് സജീദിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ഓച്ചിറ മുതൽ കന്നേറ്റി പാലം വരെയുള്ള 11.5 കിലോമീറ്റർ ദൂരമുള്ള കരുനാഗപ്പള്ളി യൂണിറ്റിന്റെ പരിധിയിലാണ് പരിശോധന നടക്കുന്നത്. ഓച്ചിറ മുതൽ പുലിയൻകുളങ്ങര ക്ഷേത്രം വരെ അഞ്ച് കിലോമീറ്റർ ദൂരത്തിലാണ് ആദ്യ ദിവസം പരിശോധന നടന്നത്. വെള്ളിയാഴ്ച കന്നേറ്റിയിൽ നിന്നും ആരംഭിച്ച പരിശോധന ലാലാജി ഗ്രന്ഥശാലയ്ക്കു സമീപം സ്ഥാപിച്ചു. ഇരുവശത്തുനിന്നുമായി പതിനഞ്ചോളം കല്ലുകൾ നഷ്ടപ്പെട്ടതായി പരിശോധനയിൽ കണ്ടെത്തി. ഇവ ഉടൻ പുനസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. ബാക്കിയുള്ള സ്ഥലങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന നടത്തും.ഇനിയുള്ള ദിവസങ്ങളിൽ നഷ്ടപ്പെട്ട കല്ലുകൾ അപ്പോൾ തന്നെ പുനസ്ഥാപിച്ചാണ് പരിശോദന തുടരുകയെന്ന് സ്പെഷ്യൽ തഹസിൽദാർ അറിയിച്ചു.

ഇതിനിടെ ത്രീ ഡി വിജ്ഞാപനം ഇറങ്ങിയ സ്ഥലങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഓച്ചിറ, ആദിനാട്, കുലശേഖരപുരം വില്ലേജുകളിൽ ഉൾപ്പെട്ട 172 സർവേ നമ്പരുകളിലാണ് ത്രീ ഡി വിജ്ഞാപനം ഇറങ്ങിയിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതിനുവേണ്ടി പ്രമാണങ്ങളുടെ പരിശോധന നടന്നു വരികയാണ്. ഇതിനു ശേഷം സ്ഥലത്തിന്റെ വില നിർണ്ണയം നടക്കും. ഈ പ്രവർത്തനത്തിനായി റവന്യൂ വകുപ്പിൽ നിന്നും വിരമിച്ച മൂന്ന് ജീവനക്കാരെക്കൂടി താൽക്കാലികമായി നിയമിച്ചിട്ടുണ്ട്.
ബാക്കി സ്ഥലങ്ങളിൽ ത്രീ ഡി വിജ്ഞാപനത്തിനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായുള്ള സർവേ നടപടികളും പുരോഗമിക്കുകയാണ്. സർവേ പൂർത്തിയായാൽ ഉടൻ ത്രീ ഡി വിജ്ഞാപനത്തിനായി റിപ്പോർട്ട് സമർപ്പിക്കുന്നതിനായിട്ടുള്ള പ്രവർത്തനവും പുരോഗമിക്കുകയാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !