കരുനാഗപ്പള്ളിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയിലെ തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി നഗരസഭ നടപ്പാക്കുന്ന പദ്ധതിയുടെ നിർമ്മാണത്തിന് തുടക്കമായി.

ആലുംകടവിൽ നടന്ന നിർമ്മാണ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ എം ശോഭന നിർവ്വഹിച്ചു.നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി ശിവരാജൻ അധ്യക്ഷനായി. വൈസ് ചെയർമാൻ ആർ രവീന്ദ്രൻ പിള്ള, നഗരസഭാ കൗൺസിലർ സുനിതാസലിംകുമാർ, ആലുംകടവ്ബോധോദയം ഗ്രന്ഥശാലാ പ്രസിഡന്റ് ബി. ആനന്ദൻ, സെക്രട്ടറി എൻ. ഉത്തമൻ, അഡ്വ ടി. പി. സലിം കുമാർ, തുടങ്ങിയവർ പങ്കെടുത്തു.

പദ്ധതി നടപ്പാക്കുന്നതോടെ തീരദേശവാസികളുടെ ദീർഘനാളത്തെ ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. – ടി. എസ്. കനാലിനോട് ചേർന്ന് കിടക്കുന്ന നഗരസഭയിലെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ആലുംകടവ്,എസ് വി മാർക്കറ്റ് എന്നിവിടങ്ങളിലാണ് പദ്ധതിക്കായി പുതിയ ട്യൂബ് വെല്ലുകൾ സ്ഥാപിക്കുന്നത്. രണ്ടു കേന്ദ്രങ്ങളിലും നിലവിലുണ്ടായിരുന്ന വെല്ലുകൾ പ്രവർത്തനക്ഷമമല്ലാതായ സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കാൻ നഗരസഭ തീരുമാനിച്ചത്. 40 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.

ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റിനെയാണു വെല്ല് നിർമ്മാണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. ആലുംകടവിൽ നിലവിലുള്ള വാട്ടർ ടാങ്കിനു സമീപമാണ് ട്യൂബ് വെല്ല് സ്ഥാപിക്കുന്നതിനായുള്ള നടപടികൾ ആദ്യം തുടങ്ങിയിരിക്കുന്നത്. നഗരസഭയ്ക്ക് മാത്രമായി പ്രത്യേക കുടിവെള്ള പദ്ധതികൾ നിലവിലില്ല. ഓച്ചിറ കുടിവെള്ള പദ്ധതിയിൽ നിന്നും താച്ചയിൽ ജംഗ്ഷനിലെ മദർ ടാങ്കിൽ ജലം സംഭരിച്ച് നിശ്ചിത സമയം ക്രമീകരിച്ച് ആലപ്പാട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലേക്ക് പമ്പു ചെയ്യുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും തീരമേഖലയിൽ കുടിവെള്ള ക്ഷാമത്തിന് കാരണമായിരുന്നു.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തീരമേഖലയിൽ അനുഭവപ്പെടുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !