കരുനാഗപ്പള്ളിയിൽ വച്ച് വാഹന അപകടത്തിൽ പരുക്കേറ്റ സൈറ എന്ന കുതിര ഓർമയായി….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ വച്ച് വാഹന അപകടത്തിൽ കഴിഞ്ഞ ദിവസം പരുക്കേറ്റ കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് ചെറുകോൽ പറമ്പിൽ മുഹ്സിന്റെ ഉടമസ്ഥതയിലുള്ള സൈറ (4) എന്ന കുതിര ഓർമയായി.

ഇന്നലെ രാവിലെ കരുനാഗപ്പള്ളി കന്നേറ്റി മുസ്ലിം ജമാഅത്ത് എൽ.പി. സ്കൂളിന് സമീപത്ത് നിന്നും മരുതൂർകുളങ്ങരയിലേക്ക് കൊണ്ടുപോകുന്ന വഴി കുതിരയുടെ നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണം വിട്ടതിനെ തുടർന്ന് കുതിരയുടെ മുകളിലിരുന്നയാൾ താഴേക്ക് വീണിരുന്നു. തുടർന്ന് കുതിരയെ പിടികൂടാൻ ബൈക്കിൽ ഉടമയും സംഘവും പിന്തുടർന്നിരുന്നു. കുതിര അര കിലോമീറ്റർ ഓടി കൊല്ലക പട്ടാളം ജംക്ഷനിൽ എത്തുകയും തുടർന്ന് അവിടെ നിന്നും ദേശീയപാത ലക്ഷ്യമാക്കി ഓടുകയുമായിരുന്നു.

ദേശീയപാതയിൽ കന്നേറ്റി ജംഗ്ഷനിലെത്തിയ കുതിര കരുനാഗപ്പള്ളി ഭാഗത്തേക്ക് തിരിയുകയും. ഈ സമയം കൊല്ലത്തേക്ക് വന്ന കാറിൽ ഇടിക്കുകയുമായിരുന്നു. കാറിന്റെ ബോണറ്റിലേക്ക് ഉയർന്ന് വീണ കുതിര റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

കരുവാറ്റയിൽ നിന്ന് കൊല്ലത്ത് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷയെഴുതാനായി പോകുകയായിരുന്ന ഹരിപ്പാട് കരുവാറ്റ തിരുനല്ലി പീടികയിൽ ശംഭു (25) പിതാവ് വിജയകുമാർ എന്നിവർ സഞ്ചരിച്ചിരുന്ന കാറിലാണ് കുതിര ഇടിച്ചത്.

രക്തം വാർന്ന് കിടന്ന കുതിരയെകുതിരയെ നാട്ടുകാരും കുതിരയ്ക്കൊപ്പം ഉണ്ടായിരുന്നവരും പൊലീസും ചേർന്ന് കൊല്ലത്ത് ജില്ല വെറ്ററിനറി ആശുപ്രതിയിൽ എത്തിച്ചു. കാർ യാത്രക്കാർ മറ്റൊരു വാഹനത്തിൽ പരീക്ഷാ കേന്ദ്രത്തിലേക്ക് പോയി. കൊല്ലത്ത് വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കാലുകൾക്കും ശരീരത്തിലെ അസ്ഥികൾക്കും സാരമായി മുറിവേറ്റിരുന്നു.  മുറിവുകൾ തുന്നിക്കെട്ടി ചികിത്സ നൽകിവരികയായിരുന്നു.  കഴിഞ്ഞ അർധരാത്രിയോടെയാണ് കുതിര ഓർമയായത്.  ശനിയാഴ്ച പുലർച്ചെ കുതിരയെ നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ശനിയാഴ്ച രാവിലെ മുഹ്‌സീന്റെ വീട്ടിലെത്തിച്ച സൈറയുടെ മൃതദേഹം കാണാനും അന്തിമോപചാരം അർപ്പിക്കാനും നിരവധി പേരെത്തി.


തെക്കൻ കേരളത്തിൽ നടന്ന പല മത്സര ഓട്ടത്തിലും ഒന്നാമത് എത്തിയിരുന്ന സൈറ എന്ന കുതിര കരുനാഗപ്പള്ളി ടൗണിലെയും തീരപ്രദേശങ്ങളിലേയും സ്ഥിരം സഞ്ചാരിയായിരുന്നു. ആളുകളോട് വേഗത്തിൽ ഇണങ്ങുന്ന സൈറ നാട്ടിലെ പൊതു ചടങ്ങുകളിലും ഷൂട്ടിംഗ് സൈറ്റുകളിലുമെല്ലാം താരമായി മാറി. സൈറയോടൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിനായി നിരവധിപേരാണ് കുടുംബസമേതം എത്തിയിരുന്നത്. പലരും സൈറയെ സ്വന്തമാക്കാൻ വില പറഞ്ഞെങ്കിലും ഉടമസ്ഥനായ മുഹ്‌സിൻ നൽകിയിരുന്നില്ല. കരുനാഗപ്പള്ളിയിലെ ഒട്ടുമിക്ക ആഘോഷ പരിപാടികളും സൈറ സ്ഥിരം സാന്നിധ്യവുമായിരുന്നു. ഇതോടെ നവ മാധ്യമങ്ങളിലും താരമായി.  തൃശൂരിൽ നടന്ന മത്സര ഓട്ടത്തിൽ തെക്കൻ കേരളത്തിൽ നിന്ന് ഒന്നാമതെത്തിയതോടെ സൈറ സൂപ്പർ സ്റ്റാറായി മാറി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !