തീരസംരക്ഷണം… പ്രത്യക്ഷ സമരപരിപാടികൾക്ക് തുടക്കം….

കരുനാഗപ്പള്ളി : ചെറിയഴീക്കൽ അരയവംശ പരിപാലന യോഗത്തിന്റെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ചെറിയഴീക്കൽ തീര സംരക്ഷണവുമായി ബന്ധപ്പെട്ട് എല്ലാവർഷവും കടലാക്രമണ സമയത്ത് വാഗ്ദാന പെരുമഴ മാത്രം തന്ന് കടലിന്റെ മക്കളെ പറഞ്ഞ് പഠിക്കുന്ന അധികാരികൾക്കും രാഷ്ട്രീയ പ്രവർത്തകർക്കുമെതിരെ അരയവംശ പരിപാലന യോഗത്തിന്റെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

ഏകദേശം 30 വർഷത്തോളം പഴക്കമുണ്ട് സീവാളിന്റെ ഈ ചരിത്രത്തിന്. അതിനുശേഷം ഇന്നുവരെ സീവാളിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളോ നടന്നതായി ഈ
പ്രദേശത്തെ നാട്ടുകാർക്ക് അറിയില്ല.
വർഷാവർഷം അതിരൂക്ഷമായ കടലാക്രമണ സമയങ്ങളിൽ സ്ഥലം എം.എൽ.എ മാർ, ജില്ലാ കളക്ടർമാർ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ വന്ന് വാഗ്ദാനങ്ങൾ പറഞ്ഞ് പ്രതീക്ഷകൾ നൽകുന്നതല്ലാതെ ഒന്നും നടപ്പിലാക്കാൻ ആത്മാർത്ഥത കാണിച്ചിട്ടില്ല എന്നും, ഓരോ കടലാക്രമണം കഴിയുമ്പോഴും ഭവനരഹിതരാകുന്നവരുടെ എണ്ണം വർദ്ധിക്കുകയും തൊഴിൽ നഷ്ടപ്പെടുന്നവരുടെ വേദന കണ്ടുമാണ് പുതിയ തലമുറ ഇവിടെ വളർന്ന് വരുന്നത്.

ഏകദേശം 50 വർഷം മുമ്പ് വരെ കിലോമീറ്ററുകൾ താണ്ടിയാണ് ഇവിടെ അധിവസിക്കുന്ന ജനങ്ങൾ കടൽക്കരയിൽ പോയിരുന്നതെങ്കിൽ ഇപ്പോൾ കടൽ കായലുമായി ലയിച്ചുചേരുന്നതിന് വലിയ താമസം ഉണ്ടാകില്ല എന്ന് കരുതുന്നു.
ഏകദേശം 4-5 വർഷം മുമ്പ് IRE യുടെ ഖനന മേഖലയിൽ വളരെ നീളത്തിൽ തന്നെ ആ പ്രദേശം സംരക്ഷിക്കുന്നു എന്ന വ്യാജേന IRE യുടെ ചിലവിൽ രണ്ട് പുലിമുട്ടുകൾ നിർമ്മിക്കുകയുണ്ടായി. അതിനുശേഷമാണ് ചെറിയഴീക്കൽ പ്രദേശത്ത് അതിരൂക്ഷമായ കടൽക്ഷോഭം ഉണ്ടാകുന്നതും തീരശോഷണം സംഭവിക്കുന്നതും എന്ന് മനസ്സിലാക്കുന്നുവെന്നും, അധികാരികളുടെ അവഗണന ഇനിയും സഹിച്ച് മുന്നോട്ട് പോകാൻ കഴിയുമോ എന്ന് ഓരോ വ്യക്തിയും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ അതിരൂക്ഷമായ
കടൽക്ഷോഭത്തിന്റെ ഫലമായി ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉപകരണങ്ങളും തൊഴിൽ സ്ഥാപനങ്ങളും ഭവനങ്ങളും നഷ്ടപ്പെടുകയോ നശിച്ചുപോകുകയോ ചെയ്തിട്ടുണ്ടായിട്ട് പോലും മതിയായ നഷ്ടപരിഹാരം തരുവാനോ തീരസംരക്ഷണത്തിന് വേണ്ടിയുള്ള മേൽനടപടി സ്വീകരിക്കുവാനോ അധികാരികൾ തയാറാകുന്നുമില്ല, അവരെകൊണ്ട് നടപ്പിലാക്കുവാൻ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വങ്ങൾ ശ്രമിക്കുന്നുമില്ല. ആയതിനാൽ ആലപ്പാട് പഞ്ചായത്തിന്റെയും ചെറിയഴീക്കൽ
പ്രദേശത്തിന്റെയും സമ്പൂർണ്ണമായ തീരം സംരക്ഷിക്കുന്നതിന് വേണ്ടുന്ന മേൽ
നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് സമരപരിപാടികൾക്ക് തുടക്കം കുറിച്ചത്.

പ്രതിഷേധയോഗം അരയവംശ പരിപാലനയോഗം പ്രസിഡന്റ് സുരേഷ് ഇളയശ്ശേരിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രതീഷ് രാജ്, ഭാരവാഹികളായ കണ്ണൻ, അരവിന്ദൻ, ജോയി, വനിതാ പ്രവർത്തക പ്രതിഭ, പരിസ്ഥിതി പ്രവർത്തകൻ ഡെന്നിസ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !