കരുനാഗപ്പള്ളിയിലെ സ്ക്കൂളുകളിലെ കുട്ടികൾ തയ്യാറാക്കിയ പ്രൊജക്ടുകൾ ശ്രദ്ധേയമായി….

കരുനാഗപ്പള്ളി : കുട്ടികൾ തയ്യാറാക്കിയ പ്രൊജക്ടുകൾ ശ്രദ്ധേയമായി. വ്യക്തി ശുചിത്വത്തിന്റെ നല്ല പാഠം സുഹൃത്തുക്കൾക്ക് പകർന്നു നൽകി എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യത്തിലേക്ക് എത്തിചേരാൻ യുപിജി എസിലെ കുട്ടികൾ കൈകോർക്കുന്നു. സി വി രാമൻ ശാസത്ര ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ഏഴാം ക്ലാസിലെ കുട്ടികളായ മാളവിക മാധവ്, പാർത്ഥിപ് എന്നിവരുടെ മേൽനോട്ടത്തിൽ ഇത് നടപ്പിലാക്കുന്നത്. ബോധവൽക്കരണ ക്ലാസുകൾ, ശുചിത്വ പ്രതിജ്ഞ, മെഡിക്കൽ ക്യാമ്പ് എന്നിവ ഇതിനകം സ്കൂളിൽ നടത്തി കഴിഞ്ഞു. ഒരു വർഷം നീളുന്ന പരിപാടിയുടെ ലക്ഷ്യം രോഗങ്ങളാൽ ഉണ്ടാകുന്ന ഹാജർകുറവ് ഇല്ലാതാക്കുകയും തന്മൂലം പഠന പുരോഗതി കൈവരിക്കുകയും ചെയ്യുക എന്നതാണ്.

കുലശേഖരപുരം ഗവ: മോഡൽ എച്ച്എസ്സ്എസ്സിലെ യുപിവിഭാഗം വിദ്യാർത്ഥികളായ വൈഷ്ണവി സുരേഷ്, ഗംഗാലക്ഷ്മി, കർണ പി.മംഗലം,അമ്പാടി, ദുർഗ്ഗ എന്നിവർ ചേർന്ന് ഇന്നത്തെ ആഹാര രീതിയിൽ വന്ന മാറ്റം ജീവിത ശൈലീരോഗങ്ങൾക്ക് കാരണമാകുന്നു എന്ന വിഷയത്തെ ആസ്പദമാക്കി ഗവേഷണ പഠനം നടത്തി. കുലശേഖരപുരം 4,5,6,7 വാർഡ് നിവാസികളിൽ സർവെ, അഭിമുഖം, ഫീൽഡ് ട്രിപ്പ്, പരീക്ഷണ നിരീക്ഷണങ്ങൾ ഇവ നടത്തിയാണ് ഇവർ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയത്. ഉഴിഞ്ഞ, തഴുതാമ,ചങ്ങലംപരണ്ട, മടന്ത, തകര, ചെറൂളി തുടങ്ങിയ പഴയ തലമുറയിൽ ഉപയോഗിച്ചിരുന്നതും എന്നാൽ ഇപ്പോൾ വിസ്മൃതിയിലാണ്ടതുമായ ഭക്ഷ്യയോഗ്യമായ സസ്യ ഭാഗങ്ങളുടെ തിരിച്ചുവരവ് നമ്മുടെ ആരോഗ്യ സംസ്കാരത്തിന് അത്യന്താപേക്ഷിതമാണെന്ന് കുട്ടികൾ കണ്ടെത്തി. കൃഷിയും കാർഷിക
സംരംഭങ്ങളും ആരോഗ്യസംരക്ഷണം വാഗ്ദാനം ചെയ്യുന്ന ജീവിതശൈലീ ഉൽപ്പന്നങ്ങളാക്കി മാറ്റുക എന്ന സന്ദേശം പകരുന്ന പ്രോജക്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ ക്യഷ്ണ കുമാറിനു കൈമാറി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !