ഓർമ്മയ്ക്കായി കവിതയുമായി ഷിബു എസ്. തൊടിയൂർ….

കരുനാഗപ്പള്ളി : കോൺഗ്രസ് നേതാവും മുൻ എം.എൽ.എയും, കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായിരുന്ന ജി. പ്രതാപവർമ തമ്പാന്റെ സ്മരണയ്ക്കായി ഒരു കവിത എഴുതി ശ്രദ്ധേയമാവുകയാണ് പൊതുപ്രവർത്തകനായ ഷിബു എസ് തൊടിയൂർ,

കവിത
************************************

നിലപാട് പറയാൻ
മറന്നു പോയവന്
നിന്റെ പേര് ചേരില്ല…

നിന്റെ വാക്കുകൾക്ക്
യുദ്ധമുഖത്ത്
തോക്കിൻകുഴലിൽ നിന്ന്
ചീറി പായുന്ന
വെടിയുണ്ടകളുടെ
ഉന്നം പിഴയ്ക്കാത്ത
കൃത്യതയുണ്ടായിരുന്നു…

നിന്റെ നേട്ടങ്ങൾക്കും
വീഴ്ചകൾക്കും
വാക്കുകളുടെ
നിഴലാട്ടമുണ്ടായിരുന്നു…
ലാഭനഷ്ടങ്ങളുടെ പട്ടിക നോക്കി
നിരാശനാകാതിരിക്കാൻ
നിന്നിലെ പോരാളിയെപ്പോഴും
ഉണർന്നിരിന്നിരുന്നു…

അക്ഷരങ്ങളുടെ ഗരിമയ്ക്കും ആശയങ്ങളുടെ ദൃഢതയ്ക്കും
നിൻറെ പേര് വഴങ്ങുമായിരുന്നു…

നിന്റെ വാക്ചാതുരി
തൊട്ടും തലോടിയും
കടന്നുപോയവർ
നിന്നെ നോക്കി ചിരിച്ചു…
മിഴികൾ പൂട്ടി
ഗാഢസ്നേഹം പങ്കുവെച്ചു…

നിന്റെ വാക്ശരങ്ങളേറ്റ് തപിച്ചവർ നിന്നെ ചേർത്തുപിടിച്ചവർ…
നിൻറെ നന്മതിന്മകളെക്കുറിച്ച്
ബോധ്യപ്പെടുത്തിയവർ
നിനക്ക് മുന്നിൽ വിളക്കായി…
വഴിയായി…
മാറിയോർ…

വാക്കുകൾ പ്രാക്കായികണ്ട്
നെറ്റി ചുളിച്ചു പിറുപിറുത്തവർ…
നിന്റെ പടിയിറക്കത്തിന്
കാതോർത്തവർ…
കരുതിയിരുന്നവർ…
നിന്റെ കഴുമരം തിരഞ്ഞവർ….
ചിരിക്കുമ്പോഴും,
ചിതലരിക്കാത്ത ചിലതുണ്ട്
നിന്നിലെ സ്നേഹത്തിൻറെ മയിൽപീലിതുണ്ടുകൾ….

വാക്കു വാക്കാണെന്നും
നോട്ടം നിൻറെ ഹൃദയമാണെന്നും
നിലപാട് നിൻറെ ശ്വാസതാളമാണെന്നും
വിളിച്ചു പറയാൻ കഴിയുന്നുണ്ട്
നീ ഓർമ്മകളിൽ അവശേഷിപ്പിച്ച്
കടന്നു പോയ പുഞ്ചിരിയും
വലിപ്പ ചെറുപ്പമില്ലാത്ത സൗഹൃദവും…

നിന്റെ പേര് ചേരുന്നവർ
നീ നടന്ന വഴികളിൽ കൂടി
ഇനിയും വരാതിരിക്കില്ലെന്ന
പ്രതീക്ഷയ്ക്ക് നിൻറെ പേര് നൽകുന്നു
പ്രതാപവർമ്മതമ്പാൻ….

*****************************
ഷിബു എസ്. തൊടിയൂർ


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !