ഷൈമോളും ഷാനവാസും ഇനി ഗാന്ധിഭവൻ്റെ തണലിൽ….

കരുനാഗപ്പള്ളി : നിരാലംബരായ കിടപ്പു രോഗികൾക്ക് ഇനി ഗാന്ധിഭവൻ തണലേകും. തൊടിയൂർ, പുലിയൂർവഞ്ചി തെക്ക്, കോട്ടൂർ ചാലിൽ വീട്ടിൽ ശശികുമാറിന്റെ മക്കളായ ഷൈമോൾ (42), ഷാനവാസ്‌ (39) എന്നിവരെയാണ് പുനലൂർ ഗാന്ധിഭവൻ ഏറ്റെടുത്തത്.

വളരെ ചെറുപ്പത്തിലേ പരാലിസിസ് ബാധിച്ചു അരയ്ക്കുതാഴെ തളർന്നു കിടപ്പിലായ ഇവരെ ഈ നിർദ്ധനകുടുംബം വളരെ കഷ്ടപെട്ടാണ് ഈ പ്രായം വരെ നോക്കിയത്. 70 വയസ്സു കഴിഞ്ഞ കൂലിപ്പണിക്കാരനാണ് പിതാവ് ശശികുമാർ. മറ്റു ജോലിക്കുപോകാൻ കഴിയാത്ത ഈ കുഞ്ഞുങ്ങളെ പരിപാലിച്ചുവന്ന മാതാവ് യാശോദ(61) കഴിഞ്ഞ മാസം ഹൃദയസംബന്ധമായ അസുഖത്താൽ മരണമടഞ്ഞു. അതിനു ശേഷം മാതാവിന്റെ സഹോദരി രാധാമണിയാണ് കുട്ടികളെ നോക്കിയിരുന്നത്. എന്നാൽ ഇവർക്ക് സ്ഥിരമായി നിൽക്കാൻ കഴിയാത്ത സാഹചര്യം വന്നതിനാൽ സാമൂഹ്യപ്രവർത്തകരായ തച്ചിരേത്തു അജയൻ, ശശിധരൻ പിള്ള, ശ്രീധരൻ പിള്ള, അനീഷ്, തൊടിയൂർ പഞ്ചായത്തു പ്രസിഡന്റ്‌ ബിന്ദുരാമചന്ദ്രൻ എന്നിവർ മുൻ എം.എൽ.എ. ആർ രാമചന്ദ്രനെ വിവരമറിയിക്കുകയും തുടർന്ന് അദ്ദേഹം പുനലൂർ ഗാന്ധിഭാവനുമായി ബന്ധപ്പെടുകയും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ അനിൽ എസ് കല്ലേലിഭാഗം തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തിനെ തുടർന്ന് കഴിഞ്ഞ ദിവസം ഗാന്ധിഭവനിൽ നിന്നും പുനലൂർ സോമരാജന്റെ മകൻ അമലും സഹപ്രവർത്തകരും ആംബുലൻസുമായി എത്തി.
കരുനാഗപ്പള്ളി ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയറിന്റെ ഒരു ആംബുലൻസ് കൂടി ഏർപ്പാടാക്കി രണ്ടുപേരെയും ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവരുടെ സാന്നിധ്യത്തിൽ ഗാന്ധിഭവൻ ഏറ്റുവാങ്ങി.

മുൻ എം.എൽ.എ. ആർ. രാമചന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാമചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം അനിൽ എസ്. കല്ലേലിഭാഗം, ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രാജീവ്, തച്ചിരേത്തു അജയൻ, ശശിധരൻ പിള്ള, ശ്രീധരൻ പിള്ള, അനീഷ്, എസ് സുനിൽകുമാർ, ആശാവർക്കർ പ്രസന്ന, രാജൻപിള്ള, രാമചന്ദ്രൻ ലാവണ്യ, ശശീന്ദ്രൻ പിള്ള എന്നിവരും സന്നദ്ധപ്രവർത്തകരും സമീപവാസികളും ചടങ്ങിൽ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !