കൂട്ടുകാർ ഒരുക്കിയ സ്നേഹവീട് വെള്ളിയാഴ്ച മുഖ്യമന്ത്രി കൈമാറും…

കരുനാഗപ്പള്ളി : ക്ലാപ്പന ഷണ്മുഖവിലാസം ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് നിർമ്മിച്ചു നൽകിയ സ്നേഹവീടിൻ്റെ സമർപ്പണം
വെള്ളിയാഴ്ച 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവ്വഹിക്കും. സ്കൂളിലെ പ്ലസ്ടു വിദ്യാത്ഥിനിക്കാണ് സ്നേഹവീട് കൈമാറുക.

കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിലാണ് ഈ വിദ്യാർഥിനിക്ക് പിതാവിനെ നഷ്ടപ്പെടുന്നത്. സർക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരം ഭവന നിർമ്മാണത്തിനുള്ള പണം ലഭിക്കുകയും വീട് പണികൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഈ കാലയളവിൽ കുട്ടിയുടെ അച്ഛന് അസുഖം മൂർച്ഛിക്കുകയും സന്മനസ്സുള്ളവരുടെ സഹായത്താൽ ചികിത്സ നടത്തുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തയ്യൽ തൊഴിലാളിയായ അമ്മയ്ക്ക് നടത്തേണ്ടിവന്ന ഓപ്പറേഷനെ തുടർന്ന് ജോലി ചെയ്യാൻ കഴിയാതായതോടെ കുടുംബം പ്രതിസന്ധിയിലായി. ഇതേതുടർന്ന് വീടുപണി മുടങ്ങുകയും ചെയ്തു.

ഈ സന്ദർഭത്തിലാണ് ക്ലാപ്പന എസ്. വി.എച്ച്.എസ്.എസ്. -കുട്ടിക്ക് ഒരു വീട്- പദ്ധതിയുമായി സഹായഹസ്തം നൽകുന്നത്. കുട്ടികളുടെയും സുമനസ്സുകളുടെ യും സഹായത്താൽ നിർമ്മാണം പൂർത്തീകരിക്കുകയായിരുന്നു.
സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടാണിത്.

സ്കൂൾ അങ്കണത്തിൽ നടക്കുന്ന യോഗത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പങ്കെടുക്കും. 2021-22 വർഷത്തെ ഹയർ സെക്കൻ്ററി എൻ.എസ്.എസ്. യൂണിറ്റ് പ്രവത്തനോൽഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവ്വഹിക്കും. സ്നേഹ വീടിൻ്റെ താക്കോൽ എം.എം. ആരിഫ് എംപിയും മുഖ്യ പ്രഭാഷണം സി.ആർ. മഹേഷ് എം.എൽ.എയും നിർവ്വഹിക്കുമെന്ന് അധികൃതർ അറിയിച്ചു.

ചിത്രം. ക്ലാപ്പന എസ്.വി.എച്ച്.എസ്.എസ്.നാഷണൽ സർവീസ് സ്കിം വിദ്യാത്ഥിനിക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹവീട്


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !