വേണം ഞങ്ങളുടെ സഹപാഠിക്ക് ഒരു സ്നേഹവീട്…. കരുനാഗപ്പള്ളി ക്ലാപ്പന….

കരുനാഗപ്പള്ളി : തുണി ചാക്കും ടാർപ്പാളിനും കൊണ്ടു മൂടി കതകോ ജനലോ ഇല്ലാതെ ഏതു നിമിഷവും നിലംപൊത്താവുന്ന കുടിലെന്നു പോലും വിളിക്കാനാകാത്ത ഒരു കൂര. ഇതിനുള്ളിലാണ് ആറു പേരടങ്ങുന്ന കുടുംബം കഴിയുന്നത്.

കരുനാഗപ്പള്ളി, ക്ലാപ്പന എസ്.വി. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന അനിയത്തിയും താമസിക്കുന്ന വീട്. അപകടത്തെ തുടർന്ന് കഠിന ജോലികൾ ചെയ്യാനാകാത്ത പിതാവും മാതാവും മുത്തശ്ഛനും മുത്തശ്ശിയുമടങ്ങിയ കുടുംബം ഇവിടെ കഴിയുന്നു.

അടച്ചുറപ്പുള്ള ഒരു വീട് എന്നത് ഇവർക്ക് സ്വപ്നം മാത്രമാണ്. ഇവരുടെ ജീവിത ദുരിതം കണ്ടറിഞ്ഞ ക്ലാപ്പന എസ്.വി.എച്ച്.എസ്. സ്കൂളിലെ സഹപാഠികളും അദ്ധ്യാപകരും അവരുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഒടുവിൽ മുന്നിട്ടിറങ്ങി.

ക്ലാപ്പന എസ്.വി.എച്ച്.എസ്. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ അദ്ധ്യാപിക പി.ആർ. ഷീബയുടെ നേതൃത്വത്തിൽ -കൂടപ്പിറപ്പിന് അടച്ചുറപ്പുള്ള വീട് – യാഥാർത്ഥ്യമാക്കാനുള്ള തീവ്രയജ്ഞത്തിലാണ്. 522 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീടാണ് ഇവർക്കായി നിർമ്മിക്കുന്നത്. ഏഴ് ലക്ഷത്തോളം രൂപ ഇതിനായി വേണ്ടിവരും. വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ആദ്യഘട്ട ധനം സ്വരൂപിക്കുന്നതിന് തുടക്കമിട്ടു കഴിഞ്ഞു. കൂടാതെ വീട് നിർമ്മാണത്തിന് പണം കണ്ടെത്താനായി എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ലോഷനുകൾ നിർമ്മിച്ച് വിൽപ്പന നടത്തി. ഇതിൽ നിന്നുള്ള വരുമാനം കൂടാതെ അടുത്ത ഘട്ടമായി നോട്ടുബുക്കുകൾ ഉണ്ടാക്കി വിൽക്കാനും പ്രവർത്തനം തുടങ്ങി കഴിഞ്ഞു. പക്ഷെ ഇതു കൊണ്ടു മാത്രം കാര്യം നടക്കില്ല. അതിനായി സുമനസുകളുടെ സഹായവും ഇവർ അഭ്യർത്ഥിക്കുന്നു. വീടിന്റെ നിർമ്മാണം ഇതിനകം തുടങ്ങാനും തീരുമാനമായി.


തറക്കല്ലിടൽ ചടങ്ങ് ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ നിർവ്വഹിച്ചു. ക്ലാപ്പന ഷിബു, ജയകുമാരി, എസ്. ഷീജ, കെ.ജി. പ്രകാശ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി.ആർ. ഷീബ, പി.എം. ബിന്ദു, ഗീതാ പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !