കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ തൈറോയ്ഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച തൈറോയ്ഡ് മെഷീൻ പ്രവർത്തനസജ്ജമായി. തൈറോയ്സ് യൂണിറ്റിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ. നിർവ്വഹിച്ചു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സുബൈദ കുഞ്ഞുമോൻ അധ്യക്ഷയായി. ആശുപത്രി സൂപ്രണ്ട് ഡോ: തോമസ് അൽഫോൺസ് സ്വാഗതം പറഞ്ഞു.

നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, സ്ഥിരം സമിതി അധ്യക്ഷരായ വസുമതി, സുരേഷ് പനക്കുളങ്ങര, എം. മഞ്ജു, പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ എം.കെ. വിജയഭാനു, ലേ സെക്രട്ടറി സിന്ധു, നഗരസഭാ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. കാഴ്ച പരിശോധനയ്ക്കായുള്ള ഒഫ്ത്താൽമോളജി യൂണിറ്റിലെ എൽ.ഇ.ഡി. സ്ക്രീനും ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു.

നഗരസഭയുടെ വാർഷിക പദ്ധതിയിൽ 24 ലക്ഷം രൂപാ വകയിരുത്തിയാണ് അത്യാധുനിക തൈറോയ്ഡ് മെഷീൻ സ്ഥാപിക്കുന്നത്. സ്വകാര്യ ലാബുകളിൽ 600 രൂപ മുതൽ 700 രൂപാ വരെ ചെലവ് വരുന്ന ടെസ്റ്റുകൾ ഇനി മുതൽ കുറഞ്ഞ നിരക്കിൽ താലൂക്ക് ആശുപത്രിയിൽ ചെയ്യാനാകും. ഗർഭിണികൾക്കും കുട്ടികൾക്കും പരിശോദന സൗജന്യമായിരിക്കും. തൈറോയ്ഡ് സംബന്ധമായ ടെസ്റ്റുകൾ കൂടാതെ വിവിധതരം ഹോർമോൺ ടെസ്റ്റുകളും ഇവിടെ നടത്താൻ കഴിയും. ഗർഭസ്ഥ ശിശുവിന്റെ വൈകല്യങ്ങൾ, ഹൃദ് രോഗം, എയിഡ്സ് തുടങ്ങിയ രോഗങ്ങളും മുൻകൂട്ടി തിരിച്ചറിയാൻ കഴിയുന്ന -അബോട്ട്- എന്ന പേരിലുള്ള ആധുനിക മിഷ്യനാണ് ഇവിടെ സ്ഥാപിച്ചത്.

സംസ്ഥാനത്ത് മെഡിക്കൽ കോളേജുകളിൽ മാത്രമുള്ള ഈ ആധുനിക മിഷ്യൻ ഒരു താലൂക്കാശുപത്രിയിൽ ആദ്യമായാണ് സ്ഥാപിക്കുന്നത്. തൈറോയ്ഡ് മെഷീന്റെ പ്രവർത്തനത്തിനായി എച്ച്എംസി യിൽ നിന്നും ഒരു ലാബ് ടെക്‌നീഷ്യനെയും പ്രത്യേകമായി നിയമിച്ചു. തൈറോയ്ഡ് മെഷീൻ കൂടി പ്രവർത്തന സജ്ജമാകുന്നതോടെ താലൂക്ക് ആശുപത്രിയിൽ ഒട്ടുമിക്ക ചികിത്സകൾക്കുമുള്ള ലാബു സൗകര്യമാണ് യാഥാർത്ഥ്യമാകുന്നത്.

പുതിയതായി അനുവദിച്ച മൂന്ന് വെന്റിലേറ്ററും താലൂക്ക് ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഇവയുടെ പ്രവർത്തനവും ഉടൻ തുടങ്ങാനാകും. ഇതിനായി ജീവനക്കാർക്ക് പ്രത്യേകം പരിശീലനം നൽകേണ്ടതുണ്ട്. ബ്ലഡ് ബാങ്കിന്റെ പ്രവർത്തനവും ഉടൻ തുടങ്ങാനുള്ള നടപടികൾ പൂർത്തിയായി വരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !