തീ – എന്ന സിനിമയുടെ വിജയത്തിനായുള്ള ജനകീയ കാമ്പയിനു തുടക്കമായി….

കരുനാഗപ്പള്ളി : നല്ല പ്രമേയവും നന്മകളുടെ സന്ദേശങ്ങളും പുതുമകളും കൊണ്ട് ശ്രദ്ധേയമായ തീ – എന്ന ചിത്രം തിയേറ്ററിലെത്തും മുമ്പുതന്നെ ജനപിന്തുണയേറുന്നു. നന്മകളുടെ പക്ഷംചേർന്ന് ഒരു സഹൃദയ കൂട്ടുകെട്ട് – എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ചിത്രത്തിന്റെ വിജയത്തിനായുള്ള ജനകീയ കൂട്ടായ്മയ്ക്ക് കരുനാഗപ്പള്ളിയിൽ തുടക്കം കുറിച്ചപ്പോൾ വേദിയിൽ വച്ചുതന്നെ വിവിധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും വാഗ്‌ദാനം ചെയ്തത് രണ്ടായിരത്തിൽപ്പരം ടിക്കറ്റുകൾ .

തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ യൂണിറ്റുകൾ, ലൈബ്രറികൾ, ലഹരിവിരുദ്ധ സംഘടനകൾ, പരിസ്ഥിതി സംഘടനകൾ, നാഷണൽ സർവീസ് സ്കീം, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, വിദ്യാർഥി – യുവജന – വനിതാ സംഘടനകൾ തുടങ്ങിയവയിലെ അംഗങ്ങൾക്ക് ടിക്കറ്റ് സ്പോൺസർ ചെയ്തു നൽകാനായി നിരവധിപേർ എത്തിയത് ചലച്ചിത്ര രംഗത്തെ വേറിട്ട അനുഭവമായി.

ചിത്രത്തിന്റെ വിജയത്തിനായുള്ള സംസ്ഥാനതല പരിപാടിയിലെ ആദ്യ ചടങ്ങാണ് കരുനാഗപ്പള്ളി ടൗൺക്ലബ്ബിൽ വച്ച് നടന്നത്. മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സി. ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടിക്കറ്റിന് വേണ്ടിയുള്ള കൂപ്പൺ വിതരണം ഉദ്ഘാടനം സൂസൻ കോടി നിർവഹിച്ചു. യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന അദ്ധ്യക്ഷൻ സുമൻജിത് മിഷ ഏറ്റുവാങ്ങി.

ചടങ്ങിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെയും ഫിലിം ചെംബറിന്റെയും വൈസ് പ്രസിഡന്റ് സോണി തോമസ്, മുൻ മുൻസിപ്പൽ ചെയർപേഴ്സൺ ശോഭന, വിവിധ ജനപ്രധിനിധികൾ, സി.പി.ഐ(എം) ഏരിയാ സെക്രട്ടറി പി.കെ ജയപ്രകാശ്, സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ, നടൻ ഋതേഷ്, മറ്റ് അഭിനേതാക്കൾ വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് നിജാംബഷി, പ്രവാസി സംഘടനാ നേതാവ് ഷഫീർ വെളുത്ത മണൽ, എവർമാക്സ് ബഷീർ, ജോയ് ഐകെയർ, പ്രവീൺ മനയ്ക്കൽ, ആലപ്പാട് പറയക്കടവ് മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എൻ. ബിനുമോൻ തുടങ്ങിയവർ സംസാരിച്ചു.

പി.കെ. മേദിനി നയിച്ച തീകത്തട്ടെ – എന്ന ചിത്രത്തിലെ ഗാനം ഗായികമാരായ വരലക്ഷ്മി, ഹന ഫാത്തിം, മിൻസാര എന്നിവർ ആലപിച്ചു. ചിത്രത്തിന്റെ ജനകീയ കൂട്ടായ്മ നാളെ മുതൽ കേരളത്തിലെ മറ്റ് സ്ഥലങ്ങളിലും ആരംഭിക്കും. മേയ് അവസാനവാരം ചിത്രം തിയേറ്ററിലെത്തും.

കേരളത്തിന്റെ പോയകാലചരിത്രം ആവിഷ്കരിച്ച് പ്രേക്ഷക പ്രശംസ നേടിയ വസന്തത്തിന്റെ കനൽ വഴികളിൽ – എന്ന ചിത്രത്തിനുശേഷം അനിൽ വി. നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച തീ – എന്ന റൊമാന്റിക് – ആക്ഷൻ – ത്രില്ലർ ചിത്രം നന്മകളുടെ ഹൃദ്യമായ സന്ദേശങ്ങളാലും രംഗങ്ങളാലും മനോഹര ഗാനങ്ങളാലും സമ്പന്നമാണ്.

മുഹമ്മദ് മുഹസിൻ എം.എൽ.എ. യെ നായകനായും സാഗരയെ നായികയായും അവതരിപ്പിക്കുന്ന ചിത്രത്തിൽ നിരവധി ജനപ്രതിനിധികളും രാഷ്ട്രീയ – സാംസ്കാരിക മേഖലകളിലെ പ്രമുഖരും പ്രസിദ്ധ ചലച്ചിത്രതാരങ്ങൾക്കൊപ്പം മത്സരിച്ചഭിനയിക്കുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !