തൊടിയൂരിൽ പരിശോധനയും നിയന്ത്രണവും വർദ്ധിപ്പിച്ചു…

കരുനാഗപ്പള്ളി : തൊടിയൂർ ഗ്രാമപഞ്ചായത്തിൽ ശനിയാഴ്ച മുതൽ ജില്ലാ കളക്ടർ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ പരിശോധനയും നിയന്ത്രണങ്ങളും കടുപ്പിച്ച് അധികൃതർ. കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ ആർ ടി.പി.സി.ആർ. പരിശോധനയുടെ ഫലവും കഴിഞ്ഞ ദിവസം ലഭ്യമായി. 327 പേരിൽ നടത്തിയ പരിശോധനയിൽ 64 പേർ രോഗബാധിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് (ശനിയാഴ്ച) 111 പേരിൽ നടത്തിയ ആൻ്റിജൻ പരിശോധനയിൽ 6 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗ വ്യാപനത്തെ തുടർന്ന് കൂടുതൽ ക്ലസ്റ്ററുകൾ രൂപീകരിച്ചിട്ടുള്ള 9 വാർഡുകളെ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടക്കുന്നത്. രോഗ വ്യാപനം കുറഞ്ഞ വാർഡുകളിലും പരിശോദന വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതു വഴി രോഗവ്യാപനം ഉണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ചൊവ്വാഴ്ച ഇത്തരം ടെസ്റ്റുകൾ ആരംഭിക്കും. തിങ്കളാഴ്ച ആർ.ടി.പി.സി. പരിശോധനയ്ക്കായി 350 പേരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച നടന്ന ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയരായ 213 പേരിൽ 101 പേർക്കും കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളിലായി പഞ്ചായത്തിൽ മരണനിരക്കും ഉയർന്നു നിൽക്കുകയായിരുന്നു. ഇതേ തുടർന്നാണ് ട്രിപ്പിൾ ലോക് ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

കരുനാഗപ്പള്ളി എ.സി.പി. യുടെ നേതൃത്വത്തിൽ പോലീസും തദ്ദേശ സ്ഥാപന മേധാവികളും ചേർന്ന് പഞ്ചായത്തിലേക്കുള്ള ചെറുവഴികൾ ഉൾപ്പടെ അടച്ചു. കടകളും വ്യാപാര സ്ഥാപനങ്ങളുമുൾപ്പടെ നിശ്ചയിക്കപ്പെട്ട നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമേ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !