കരുനാഗപ്പള്ളി : തൊടിയൂർ എച്ച്.എസ്. വാർഡിൽ അടുക്കളമുറ്റത്ത് പച്ചക്കറിതോട്ടം പദ്ധതിയുടെ ഉദ്ഘാടനവും വിളവെടുപ്പും നടന്നു. എച്ച്.എസ്. വാർഡിലെ പൂയപ്പള്ളിൽ ലതികയുടെ 50 സെന്റ് പുരയിടത്തിലാണ് അടുക്കളമുറ്റത്ത് പച്ചക്കറിതോട്ടം പദ്ധതി പ്രകാരം പച്ചക്കറിതൈകൾ നട്ടത്.
വീട്ടുവളപ്പിലെ 50 സെന്റ് സ്ഥലം മുഴുവൻ ഇത്തരത്തിൽ കൃഷി ചെയ്തിട്ടുണ്ട്. പയർ, പാവൽ, പടവലം, വെണ്ട, തക്കാളി, വഴുതനം തുടങ്ങിയവയും വിവിധയിനം വാഴകളും സമൃദ്ധമായി ഇവിടെ വളരുന്നു. തികച്ചും ജൈവവള മുപയോഗിച്ചാണ് കൃഷി. ഇതൊടാനുബന്ധിച്ചു ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ കെ. ധർമദാസ് അധ്യക്ഷത വഹിച്ചു. പദ്ധതികളുടെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് അംഗം തൊടിയൂർ വിജയൻ നിർവഹിച്ചു.
വനിതാകർഷക ലതികയെ സി. ഡി. എസ്. ചെയർപേഴ്സൻ വി. കല പൊന്നാടയണിയിച്ചു ആദരിച്ചു. പച്ചക്കറിതൈകളുടെ നടീൽ കൃഷിഓഫീസർ കാർത്തിക എച്ച്.എസ്. നിർവഹിച്ചു. വാഴക്കുലകളുടെ വിളവെടുപ്പും ഇതോടൊപ്പം നടത്തി. എ.ഡി.എസ്. ഭാരവാഹികളായ ഷേർളി, അജിത, ഗോപൻ വെട്ടുവിളശ്ശേരിൽ, ബിജു, ഷെറിൻ, ആനന്ദൻ എന്നിവർ സംസാരിച്ചു.