കർഷകർക്കും വിദ്യാർഥികൾക്കും മിൽമയുടെ ആദരവ്….

കരുനാഗപ്പള്ളി : ക്ഷീര കർഷക മേഖലയിൽ പതിറ്റാണ്ടുകളായി നിൽക്കുന്ന മികച്ച കർഷകരെയും എസ്.എസ്.എൽ.സി., പ്ലസ് ടു, ഡിഗ്രി മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കും പുരസ്കാരം നൽകി ആദരിച്ചു. വിദ്യാഭ്യാസ അവാർഡിനൊപ്പം ക്യാഷ് അവാർഡും നൽകി.

തൊടിയൂർ നോർത്ത് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. മികച്ച ക്ഷീര കർഷകരേയും വനിതാ കർഷകരേയും പാൽ അളവിന്റെയും ശാസ്ത്രീയ പരിപാലനത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തത്.

വിശിഷ്ട വ്യക്തികൾക്ക് പകരം മുതിർന്ന കർഷകരാണ് മികച്ച ക്ഷീരകർഷകരെ ആദരിച്ചത്. സംഘത്തിൻറെ 2019 വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ചാണ് അവാർഡുകൾ വിതരണം ചെയ്തത്.

സംഘം പ്രസിഡണ്ട് ഷിബു.എസ്.തൊടിയൂർ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ഏ.തങ്ങൾകുഞ്ഞ്, ബി സത്യദേവൻ പിള്ള, രാജു തോമസ്, റഷീദാബീവി, രമ വത്സല സംഘം സെക്രട്ടറി ബി.മീനു, മിൽമ സൂപ്പർവൈസർ ശരൻരാജ് എന്നിവർ പ്രസംഗിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !