കരുനാഗപ്പള്ളി : തൊടിയൂർ മാരാരിത്തോട്ടം റെയിൽവേഗേറ്റ് അടച്ച നടപടി പിൻവലിച്ച് ഗേറ്റ് പുനസ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി. ജനകീയ പ്രതിഷേധത്തെ തുടർന്നും എ.എം ആരിഫ് എം പി ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെ തുടർന്നുമാണ് അടച്ചുപൂട്ടിയെ ഗേറ്റ് പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചത്. നിരവധി വർഷങ്ങളിലായി പ്രദേശവാസികൾ ഉപയോഗിച്ചുകൊണ്ടിരുന്ന മാരാരിത്തോട്ടം മഹാദേവക്ഷേത്രത്തിലെ കെട്ടുകാഴ്ചകൾ ഉൾപ്പെടെ കടന്നുപോയിക്കൊണ്ടിരുന്ന റെയിൽവേ ഗേറ്റ് ആണ് അറ്റകുറ്റപ്പണികൾക്കായി അടച്ചതിനു ശേഷം പൂർണമായും അടച്ചുപൂട്ടാൻ റെയിൽവേ അധികൃതർ തീരുമാനിച്ചത്. തുടർന്ന് റെയിൽവേ ഡിവിഷണൽ മാനേജർ ഉൾപ്പെടെയുള്ളവരുമായി എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ഗേറ്റ് പുനസ്ഥാപിക്കാൻ തീരുമാനമായത്. പുനസ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുന്നത് പരിശോധിക്കാൻ എ എം ആരിഫ് എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി. ഇവിടെ അണ്ടർ പാസേജ് സ്ഥാപിക്കാനുള്ള സാധ്യതകൾ ഉൾപ്പെടെ പരിശോധിക്കുമെന്നും അമൃത് പദ്ധതിയിൽ കായംകുളം ,ആലപ്പുഴ സ്റ്റേഷനുകൾക്ക് പിന്നാലെ കരുനാഗപ്പള്ളി കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച അടിയന്തരയോഗം ഉടൻ വിളിച്ചുചേർക്കുമെന്നും എ എം ആരിഫ് എംപി പറഞ്ഞു. സി ആർ മഹേഷ് എംഎൽഎ, മുൻ എംഎൽഎ ആർ രാമചന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രാമചന്ദ്രൻ, ആർ ശ്രീജിത്ത്, വിക്രമൻ പിള്ള, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
Copyright © 2003-2024 karunagappally.com Developed by Sudheesh.R