കരുനാഗപ്പള്ളി ടൗണിന് സൗന്ദര്യം പകർന്ന് ഇനി പൂന്തോട്ടവും….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരത്തിലൂടെ കടന്നുപോകുന്നവർക്ക് ഇനി പൂക്കൾ വിടർന്നു നിൽക്കുന്ന പൂന്തോട്ടത്തിന്റെ സൗന്ദര്യവും ഗന്ധവും ആസ്വദിക്കാം. ദേശീയപാതയിലെ മീഡിയനുകളിൽ വിവിധയിനം തെറ്റിയും, മുല്ലയും , ജമന്തിയും , അരളിയുമെല്ലാം പൂത്തു നിൽക്കും. നഗരസഭയുടെ നഗരസൗന്ദര്യവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതുതായി നിർമ്മിച്ച ഡിവൈഡറുകൾക്കു നടുവിൽ ചെടികൾ നട്ടുപിടിപ്പിച്ചത്.

നഗരസഭയും തേവർകാവ് ശ്രീവിദ്യാധിരാജാ കോളേജിലെ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയ്ക്ക് മുന്നിൽ നിന്ന് തെക്കോട്ട് നഗരസഭയും ബാക്കിയുള്ള ഭാഗത്ത് വിദ്യാധിരാജാ കോളേജിലെ വിദ്യാർത്ഥികളുമാണ് ചെടികൾ നട്ടത്. നഗരസഭയും ഫയർഫോഴ്‌സ് യൂണിറ്റുമാണ് ആവിശ്യമായ ചെടികൾ ലഭ്യമാക്കിയത്. കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെയാകും പരിപാലനം.

രാവിലെ നഗരസഭാ ഉപാധ്യക്ഷൻ ആർ.രവീന്ദ്രൻപിള്ള ചെടി നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭാ മുൻ അധ്യക്ഷ എം.ശോഭന, സ്ഥിരംസമിതി അധ്യക്ഷരായ പി. ശിവരാജൻ, സുരേഷ് പനക്കുളങ്ങര, എസ്.ഐ. അലോഷ്യസ്, ഫയർ സ്റ്റേഷൻ ഓഫീസർ ടി. സുരേഷ്, കോളേജ് അദ്ധ്യാപകരായ എ. സിന്ധു, ശ്രീജാ രവീന്ദ്രൻ, നഗരസഭാ സെക്രട്ടറി ഫൈസൽ, സി.ഡി.എസ്. ചെയർപേഴ്സൺ അനിത, നഗരസഭാ കൗൺസിലർമാർ എന്നിവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !