കരുനാഗപ്പള്ളി ട്രാഫിക് പോലീസ്സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സാധ്യത തെളിയുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ ട്രാഫിക് പോലീസ്സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സാധ്യത തെളിയുന്നു. ഉദ്ഘാടനംകഴിഞ്ഞിട്ടും ട്രാഫിക് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങാത്തത് സംബന്ധിച്ച് ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. കഴിഞ്ഞ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചു. ഇതോടെയാണ് നടപടിക്ക് സാധ്യതതെളിയുന്നത്.

കരുനാഗപ്പള്ളി നഗരം നേരിടുന്ന രൂക്ഷമായ ട്രാഫിക് പ്രശ്‌നം സബ്മിഷനില്‍ എം.എല്‍.എ. ചൂണ്ടിക്കാട്ടി. കരുനാഗപ്പള്ളി ജോയിന്റ് ആര്‍.ടി.ഒ. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് മൂന്നുലക്ഷത്തോളം വാഹനങ്ങളാണ്. ഇവ ഉള്‍പ്പെടെ പത്തുലക്ഷത്തോളം വാഹനങ്ങള്‍ നഗരത്തിലെ റോഡുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇത്രയും വാഹനങ്ങള്‍ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ മതിയായ സൗകര്യം കരുനാഗപ്പള്ളിയില്‍ ഇല്ലെന്നും സബ്മിഷനില്‍ ചൂണ്ടിക്കാട്ടി. ഇതുകാരണം വലിയ ഗതാഗതപ്രശ്‌നങ്ങളാണ് നഗരത്തില്‍ ഉണ്ടാകുന്നത്.

പുതിയകാവ്-ചക്കുവള്ളി റോഡിലും കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡിലും ലെവല്‍ക്രോസുകളുണ്ട്. ഓരോതവണയും ലെവല്‍ക്രോസുകള്‍ തുറക്കുമ്പോള്‍ നിരവധി വാഹനങ്ങള്‍ കൂട്ടത്തോടെ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നു. ഇതും വലിയ ഗതാഗത പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. മതിയായ ട്രാഫിക് സംവിധാനവും നഗരത്തില്‍ ഇല്ല. സിഗ്നല്‍ ലൈറ്റുകള്‍ പലപ്പോഴും പ്രവര്‍ത്തിക്കാറില്ല. 1990ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള പോലീസ്സേന മാത്രമാണ് ഇപ്പോഴും കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഉള്ളത്. അതിനാല്‍ ട്രാഫിക് പോലീസ്സ്‌റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങണമെന്നും എം.എല്‍.എ. സബ്മിഷനില്‍ ഉന്നയിച്ചു. ട്രാഫിക് പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി സബ്മിഷന് മറുപടി നല്‍കിയതായി ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു.

റിപ്പോര് ലഭിക്കുന്ന മുറയ്ക്ക് പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ. അറിയിച്ചു. 2015 സെപ്തംബറിലാണ് കരുനാഗപ്പള്ളിയില്‍ ട്രാഫിക് പോലീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, ഇതുവരെയും പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !