കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ വള്ളിക്കാവ് മത്സ്യ മാർക്കറ്റിന് പുതിയ മുഖം വരുന്നു. കുലശേഖരപുരം പഞ്ചായത്തിലെ ഒന്നാം വാർഡിലെ വള്ളിക്കാവിൽ സ്ഥിതി ചെയ്യുന്ന ഫിഷ് മാർക്കറ്റിൻ്റെ നവീകരണത്തിനായി 2,90,50,111 രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്.
മുൻ എൽ.ഡി.എഫ്. സർക്കാരിൻ്റെ കാലത്ത് 2017-18 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി എം.എൽ.എ. യായിരുന്ന ആർ. രാമചന്ദ്രൻ്റെ ശുപാർശ പ്രകാരമാണ് മാർക്കറ്റ് വികസനത്തിന് കിഫ്ബി വഴി പണം അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് ആധുനിക മത്സ്യവിൽപ്പന ഹാൾ, ഷോപ്പുകൾ, വിൽപ്പനക്കാർക്ക് ഇരിക്കുവാനുള്ള ചെയറുകൾ, മത്സ്യം നിരത്തി വയ്ക്കാൻ സ്റ്റെയിൻലറ്റ് സ്റ്റീലിൽ തീർത്ത ട്രേകൾ, ട്രയിനേജ് സംവിധാനം, സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ടോയ് ലറ്റ് ബ്ലോക്കുകൾ, ലൈറ്റിംഗ് സംവിധാനം, ഇൻ്റർലോക്കിംഗ് തുടങ്ങിയ സംവിധാനങ്ങൾ പുതിയ മാർക്കറ്റിലുണ്ടാകും.
പദ്ധതിക്ക് ഭരണാനുമതിയായതോടെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ പഞ്ചായത്തിന് ഉടൻ കത്ത് നൽകുമെന്ന് കിഫ്ബി അധികൃതർ പറഞ്ഞു. തുടർന്ന് ത്രികക്ഷി എഗ്രിമെൻറ് പഞ്ചായത്തുമായി ചേർന്ന് വയ്ക്കും. തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികൾ തുടങ്ങുക.
സംസ്ഥാനത്തുടനീളം 65 ഫിഷ് മാർക്കറ്റുകൾ ആധുനികരീതിയിൽ നവീകരിക്കുന്നതിന്റെ ഭാഗമായി ഇതുൾപ്പടെ കേരളത്തിലെ 10 സ്ഥലങ്ങളിലാണ് നിർമ്മാണത്തിന് കിഫ്ബി അനുമതി നൽകിയത്. കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്‌മെൻറ് കോർപറേഷൻ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കി കിഫ്ബിക്കു സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കീഫ്ബി ബോർഡ് പദ്ധതിക്ക് അനുമതി നൽകിയത്.
100 വർഷത്തിലധികം പഴക്കമുള്ളതാണ് വള്ളിക്കാവ് മാർക്കറ്റ്. കുലശേഖരപുരം പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള 50 സെൻ്റ് സ്ഥലത്താണ് മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. ദിവസവും നൂറുകണക്കിന് ആളുകൾ വന്നു പോകുന്ന മാർക്കറ്റിൽ പുതുതായി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളോടെ മാർക്കറ്റിൻ്റെ മുഖഛായ തന്നെ മാറും.
ചിത്രം: കിഫ്ബി വികസനത്തിനായി പണം അനുവദിച്ച വള്ളിക്കാവ് മാർക്കറ്റ്.