മരം വീണ് രണ്ട് വീടുകൾ തകർന്നു… കരുനാഗപ്പള്ളിയുടെ തീരമേഖയിൽ വെള്ളക്കെട്ട്….

കരുനാഗപ്പള്ളി : ശക്തമായ മഴയെ തുടർന്ന് കരുനാഗപ്പള്ളിയുടെ തീരമേഖലയാകെ വെള്ളത്തിലായി. കേശവപുരം, ആലുംകടവ്, പണിക്കർകടവ്, തുറയിൽകടവ്, ആലുംപീടിക ഭാഗങ്ങളിൽ ശക്തമായ വെള്ളക്കെട്ടായി. പല വീടുകളും വെള്ളത്തിലായ സ്ഥിതിയിലാണ്.

കരുനാഗപ്പള്ളി, കോഴിക്കോട്, കുറശ്ശേരി കിഴക്കതിൽ, രജീലാലിന്റെ വീടും ശക്തമായ മഴയിൽ തകർന്നു വീണു. വാഹനാപകടത്തിൽപ്പെട്ട്, ചികിൽസയിൽ കഴിയുന്ന ഭാര്യ വിജയ ലക്ഷ്മി ഉൾപ്പടെയുള്ളവർ വീട്ടിലുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല.

തൊടിയൂർ വേങ്ങറ മങ്കുഴി ജംഗ്ഷന് കിഴക്കുവശം ബിനു ഭവനത്തിൽ പ്രഭാകരന്റെ വീടിന്റെയും മേൽക്കൂര വലിയ കാറ്റിലും മഴയിലും തൊട്ടടുത്ത വീട്ടിലെ പടുകൂറ്റൻ അക്കേഷ്യ മരം മുകളിലേക്ക് മറിഞ്ഞു വീണ് തകർന്നു. വിവരമറിഞ്ഞ് കരുനാഗപ്പള്ളി എം.എൽ.എ സി.ആർ.മഹേഷ് ആശ്വാസവുമായി പ്രസ്തുത വീടും സ്ഥലവും സന്ദർശിച്ചു.

അഞ്ചു വർഷങ്ങൾക്കു മുമ്പ് കൂലി വേല ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് കാലിൽ ഇഷ്ടിക വീണ് പരിക്കേറ്റതിനെ തുടർന്ന് കാല് പഴുക്കുകയും പിന്നീട് കാല് മുറിച്ചു മാറ്റുകയും ചെയ്‌തു കിടപ്പിലായ പ്രഭാകരൻ 2 സെൻറ് ഭൂമിയിലാണ് താമസിക്കുന്നത്.
കൂലി വേലക്കാരനായ മകന്റെ തുച്ഛമായ വരുമാനത്തിലാണ് വീട് കഴിയുന്നത്.

മരം വീണ് വീടിൻറെ മേൽക്കൂര പൂർണമായും നശിച്ചു അതിനാൽ എങ്ങനെ നന്നാക്കും എന്നുള്ള വിഷമത്തിലാണ് വീട്ടുകാർ. അധികാരികളുടെ ഭാഗത്തുനിന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എം.എൽ.എ. വില്ലേജ് ഓഫീസർക്ക് നിർദേശം നൽകി. തൊടിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ വിനോദ്, ഷിബു എസ്. തൊടിയൂർ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !