കുന്നത്തൂര്‍ – കരുനാഗപ്പള്ളി സംയോജിത കുടിവെള്ള പദ്ധതി ടെണ്ടര്‍ ഏപ്രില്‍ 5 ന്

കരുനാഗപ്പള്ളി : കുന്നത്തൂര്‍ – കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ, കുന്നത്തൂര്‍, പോരുവഴി, ശൂരനാട് വടക്ക്, തൊടിയൂര്‍, തഴവ, കുലശേഖരപുരം പഞ്ചായത്തുകളില്‍ ഏറ്റവുമധികം ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ്. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടുകൂടി കുന്നത്തൂര്‍ – കരുനാഗപ്പള്ളി അസംബ്ലി മണ്ഡലങ്ങളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുകയാണ്.

കുന്നത്തൂരില്‍ ഏറ്റെടുക്കുന്ന ഒന്നര ഏക്കര്‍ സ്ഥലത്താണ് 44 ദശലക്ഷം ലിറ്റര്‍ വരുന്ന ടാങ്ക് നിര്‍മ്മിക്കുന്നത്. ഈ ടാങ്കില്‍ നിന്നും ജലം ശുദ്ധീകരണ ശാലയിലേക്കും അവിടെനിന്നു ആറ് പഞ്ചായത്തുകളിലെ ക്ലിയര്‍ വാട്ടര്‍ ട്രാന്‍സ്മിഷന്‍ നെറ്റ്‌വര്‍ക്ക് പൈപ്പ്കളിലൂടെ പുതുതായി നിര്‍മ്മിക്കുന്ന ടാങ്കുകളിലേക്ക് എത്തിച്ചു നല്‍കുകയും അവിടെ നിന്നും ആ പഞ്ചായത്തുകളിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനകരമാകുന്ന രീതിയില്‍ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയാണ് ഇതോടുകൂടി സാക്ഷാത്ക്കരിക്കാന്‍ പോകുന്നത്.

കുന്നത്തൂരില്‍ ടാങ്ക് നിര്‍മ്മിക്കാന്‍ കണ്ടെത്തിയിട്ടുള്ള ഒന്നര ഏക്കര്‍ സ്ഥലത്തിന് ആറ് പഞ്ചായത്തുകളുടെയും വിഹിതമായ 90 ലക്ഷം രൂപാ കുന്നത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും, ഈ ആഴ്ചയോടുകൂടി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ എഴുത്ത് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും, 332 കോടി രൂപായുടെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ടെണ്ടര്‍ നടപടികള്‍ക്കുമാണ് തുടക്കമിട്ടിരിക്കുന്നത്.

പ്രൊഡക്ഷന്‍ കംപോണന്റുകളായ കിണര്‍, വാട്ടര്‍ പമ്പിംഗ് മെയിന്‍, ശുദ്ധീകരണ ശാല, പമ്പ് സെറ്റ് എന്നിവയ്ക്കായി 65.3 കോടി രൂപയ്ക്ക് നബാര്‍ഡില്‍ ഭരണാനുമതി ലഭിക്കുകയും സാങ്കേതികാനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ട്രാന്‍സ്മിഷന്‍ ശ്യംഖലയ്ക്കായി ജല ജീവന്‍ മിഷനില്‍ 307 കോടി രൂപ ഭരണാനുമതി ലഭിക്കുകയും 267 കോടി രൂപയ്ക്ക് സാങ്കേതികാനുമതി ലഭിക്കുകയും, ടെണ്ടര്‍ നടപടിയിലേക്ക് കടന്നിരിക്കുകയുമാണ്. ഏപ്രില്‍ മാസം 5-നുള്ളില്‍ ടെണ്ടര്‍ നടപടി തുടങ്ങുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ-യും, സി.ആര്‍.മഹേഷ് എം.എല്‍.എ-യും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഇന്നുകൂടിയ ഉന്നതതല മീറ്റിംഗില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: അന്‍സാര്‍ ഷാഫി, തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്‍, കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വല്‍സലകുമാരി, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍, തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവന്‍, പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, എന്നീ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരായ വാട്ടര്‍ അതോറിറ്റി പ്രൊജക്ട് ഡിവിഷനിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നാരായണ്‍.എം.ഡി, അസ്സി: എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് റാഷിദ്, അസ്സി: എഞ്ചിനീയര്‍ രതീഷ്‌കുമാര്‍, ശ്രീരാജ്, പൊതുമരാമത്ത് നിരത്ത് വിഭാഗം അസ്സി: എഞ്ചിനീയര്‍ സന്തോഷ്‌കുമാര്‍, മിനുസുരേഷ്, നാഷണല്‍ ഹൈവേ അസ്സി: എഞ്ചിനീയര്‍ ജയനി.എ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏപ്രില്‍ 5-ന് മുമ്പായി പദ്ധതിക്കാവശ്യമായ ടാങ്കുകള്‍ നിര്‍മ്മിക്കുന്ന സ്ഥലം ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും സന്ദര്‍ശിക്കാനും തീരുമാനിച്ചു. 2023 ഡിസംബറില്‍ പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !