വിവാഹ ചടങ്ങ് ഹരിതാഭമാക്കി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ പ്രവർത്തകർ….

കരുനാഗപ്പള്ളി :വിവാഹ ചടങ്ങിനെത്തിയ എല്ലാവർക്കും വൃക്ഷതൈ നൽകി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ പ്രവർത്തകർ മാതൃകയായി. കൗൺസിൽ കൊല്ലം ജില്ലാ ഉപസമിതി കൺവീനർ പടനായർകുളങ്ങര വടക്ക് മദീനമൻസിലിൽ ഹിന്ദി അധ്യാപകൻ മുഹമ്മദ്‌ സലിംഖാൻ, സൈറാബാനു, ദമ്പതികളുടെ മകൻ മുഹമ്മദ്‌ ആസിഫ്ഖാൻ പാലക്കാട്‌ പുതുക്കോട് ചിറക്കൽ വീട്ടിൽ ഇസ്മായിൽ സീനത്ത് ദമ്പതികളുടെ മകൾ ഷഹാന എന്നിവരുടെ വിവാഹമാണ് കൗൺസിൽ പ്രവർത്തകർ ഹരിതാഭമാക്കിയത്. വിവാഹ ചടങ്ങിൽ എത്തിയ എല്ലാവരും വൃക്ഷതൈകളുമായാണ് മടങ്ങിയത്.

നമുക്കുവേണ്ടി മണ്ണിനുവേണ്ടി ക്യാമ്പയിനും കിംസ് ഹെൽത്ത് സി.എസ്സ്.ആർ ട്രീ ആംബുലൻസുമാണ് ആവശ്യമായ തൈകൾ സജ്ജമാക്കിയത് എന്ന് കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അറിയിച്ചു.
എം.എൽ.എ സി.ആർ.മഹേഷ്‌,നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീലത ടീച്ചർ ,മുൻ നഗരസഭാ ചെയർപേഴ്സൻ എം. ശോഭന, വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള ഉൾപ്പെടെയുള്ളവർ തൈകൾ ഏറ്റുവാങ്ങി.

കൗൺസിൽ സംസ്ഥാന സമിതി അംഗം അനിൽ കിഴക്കടത്ത്, ജില്ലാ കോ ഓർഡിനേറ്റർ ഗൗരി എസ്സ് കുമാർ,ജില്ലാ ഉപസമിതി ഭാരവാഹികളായ പോച്ചയിൽ മുഹമ്മദ്‌ റാഫി, അനസ് പുതുവീട്ടിൽ എന്നിവർ വൃക്ഷതൈ വിതരണത്തിന് നേതൃത്വം നൽകി.ഹിന്ദി ഭാഷാ പ്രചാരണത്തിന് വേറിട്ട വഴികൾ തേടി ശ്രദ്ധേയനാണ് വരന്റെ പിതാവ് മുഴങ്ങോട്ടുവിള എസ്.കെ.വി.യു.പി സ്കൂളിലെ ഹിന്ദി അധ്യാപകനും ഗുരുശ്രേഷ്ഠ പുരസ്‌കാര ജേതാവുമായ മുഹമ്മദ്‌സലിം ഖാൻ, പ്രകൃതി സംരക്ഷണത്തിനായി ഇപ്പോഴും സൈക്കിളിൽ മാത്രം യാത്രചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹം.

ചിത്രം : വിവാഹ ചടങ്ങിനെത്തിയ സി.ആർ.മഹേഷ്‌ എം. എൽ.എയ്ക്ക് വധുവരന്മാർ വൃക്ഷതൈ നൽകുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !