ദുരിത ബാധിത മേഖലയിൽ ആശ്വാസവുമായി…. നമ്മുടെ കരുനാഗപ്പള്ളിയിലെ കരിനിലത്ത് അബ്ദുൾ സലാം എന്ന സുഹൃത്ത്….

കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി നിവാസിയായ കരിനിലത്ത് അബ്ദുൾ സലാം എന്ന സുഹൃത്തിനെ നമുക്കൊന്നു പരിചയപ്പെടാം.

ദുരിത ബാധിത പ്രദേശങ്ങളുടെ ശുചീകരണത്തിനായി നമ്മുടെ കരുനാഗപ്പള്ളിയിലെ മരുതൂർക്കുളങ്ങര ജമാഅത്തിൽ നിന്ന് 60 പേരടങ്ങുന്ന സംഘം ഇന്നലെ പോയിരുന്നു. ഇടയാറന്മുള കുറിച്ചി മുട്ടം ഭാഗത്തേക്കു പോയവരുടെ കൂട്ടത്തിൽ അബ്ദുൾ സലാം എന്നൊരു സുഹൃത്തുകൂടിയുണ്ടായിരുന്നു.


സ്വന്തം കൃഷിഫാമിലെ, 16 ലിറ്റൽ വെള്ളം കൊള്ളുന്ന സ്പ്രേയറും പുറത്തേറ്റി രാവിലെ ഒൻപതര മുതൽ വൈകിട്ട് ആറ് മണി വരെ വീടിന്റെ പിന്നാമ്പുറങ്ങളിലുൾപ്പെടെ മലിനമായ ഇടങ്ങളിലെല്ലാം മരുന്നു തളിച്ച് നടന്ന നമ്മുടെ നാട്ടുകാരൻ.

ചീഞ്ഞ് അസഹ്യമായ ദുർഗന്ധം വമിക്കുന്ന ഇടങ്ങളിലെല്ലാം വീട്ടുകാർ ഒരു തൊഴിലാളിയെപ്പോലെ വിളിച്ച് കൊണ്ട് പോയി മരുന്നടിപ്പിക്കുന്നത് കാണുമ്പോൾ കൂടെ ഉണ്ടായിരുന്നവരെല്ലാം അത്ഭുതപ്പെട്ടു.

പലരും പഞ്ചായത്ത് ജീവനക്കാരൻ എന്ന രീതിയിലാണ് അദ്ദേഹത്തോട് സംസാരിച്ചത് തന്നെ.


ഇടയ്ക്കിടെ മരുന്ന് കലക്കി വെള്ളം നിറച്ച് പുറത്ത് വച്ച് ബൽറ്റിടാൻ സഹായിച്ചപ്പോഴാണ് പല സുഹൃത്തുക്കളും ഈ സ്പ്രേയുടെ ഭാരം മനസിലായത്. തളിക്കാനുള്ള ലായനി സ്വന്തമായി തയ്യാറാക്കിയെത്തിയ ഈ സുഹൃത്തിന്റെ നിസ്വാർത്ഥ സേവനത്തെ നമ്മൾ കരുനാഗപ്പള്ളിക്കാർ അഭിനന്ദിച്ചേ മതിയാകും…. നമ്മുടെ കരുനാഗപ്പള്ളിയിൽ ഇത്രയും നല്ല ഒരുപാടു മനുഷ്യർ ഉള്ളതിൽ നമുക്കും അഭിമാനിക്കാം….


കടപ്പാട് : ബിജു തുറയിൽകുന്ന്


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !