കരുനാഗപ്പള്ളി : കേരളത്തിന്റെ നവസൃഷ്ടിക്കായി കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വേറിട്ട സഹായ പദ്ധതി.
കുട്ടനാട്ടിൽ മാത്രം 34 ലൈബ്രറികൾക്കാണ് പ്രളയം മൂലം നാശം നേരിട്ടത്. ഈ ഗ്രന്ഥശാലകളിൽ ഒന്നിനെ ഏറ്റെടുത്ത് മാതൃകാപരമായി പുനരുജ്ജീവിപ്പിക്കുകയും ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറിയുമാണ് താലൂക്ക് ലൈബ്രറി കൗൺസിൽ ദുരിത മുഖത്ത് കൈത്താങ്ങാകുന്നത്.
പ്രളയത്തിൽ ഒഴുകിപ്പോയ പുസ്തകങ്ങൾക്ക് പകരം പുസ്തകങ്ങൾ, വിവിധ രജിസ്റ്ററുകൾ, ആനുകാലികങ്ങൾ, ദിനപത്രങ്ങൾ എന്നിവ ഉൾപ്പടെ നൽകി ഒരു ഗ്രന്ഥശാലയെ മാതൃകാപരമായി ഏറ്റെടുക്കുകയാണ് ലക്ഷ്യം. കുട്ടനാട് ചെമ്പുംപുറം വിജ്ഞാന പോഷിണി ഗ്രന്ഥശാല ആൻറ് വായനശാലയാണ് ഇത്തരത്തിൽ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ദത്തെടുക്കുക.
കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 8 ലക്ഷം രൂപയുടെ ചെക്കും കൈമാറി. ഇനി 2 ലക്ഷം രൂപ കൂടി നൽകും.
കരുനാഗപ്പള്ളി താലൂക്കിലെ 100 അംഗ ഗ്രന്ഥശാലകളിലെ ബാലവേദി, വനിതാവേദി പ്രവർത്തകരുടെ നേതൃത്വത്തിലാണ് സഹായ നിധി സ്വരൂപിച്ചത്.
കടപ്പാട് : സുരേഷ് വെട്ടുകാട്ട്