കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയിലെ തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി നഗരസഭ നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി. ടി.എസ്. കനാലിനോട് ചേർന്ന് കിടക്കുന്ന നഗരസഭയിലെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ആലുംകടവ് ,എസ്.വി. മാർക്കറ്റ് എന്നിവിടങ്ങളിലാണ് പദ്ധതിക്കായി പുതിയ ട്യൂബ് വെല്ലുകൾ സ്ഥാപിക്കുന്നത്. രണ്ടു കേന്ദ്രങ്ങളിലും നിലവിലുണ്ടായിരുന്ന വെല്ലുകൾ പ്രവർത്തനക്ഷമമല്ലാതായ സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കാൻ നഗരസഭ തീരുമാനിച്ചതെന്ന് ചെയർപേഴ്സൺ എം ശോഭന, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. ശിവരാജൻ എന്നിവർ പറഞ്ഞു. 40 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റിനെയാണു് വെല്ല് നിർമ്മാണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. ആലുംകടവിൽ ട്യൂബ് വെല്ല് സ്ഥാപിക്കുന്നതിനായുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. നഗരസഭയ്ക്ക് മാത്രമായി പ്രത്യേക കുടിവെള്ള പദ്ധതികൾ നിലവിലില്ല. ഓച്ചിറ കുടിവെള്ള പദ്ധതിയിൽ നിന്നും താച്ചയിൽ ജംഗ്ഷനിലെ മദർ ടാങ്കിൽ ജലം സംഭരിച്ച് നിശ്ചിത സമയം ക്രമീകരിച്ച് ആലപ്പാട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലേക്ക് പമ്പു ചെയ്യുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും തീരമേഖലയിൽ കുടിവെള്ള ക്ഷാമത്തിന് കാരണമായിരുന്നു. ഇത് പരിഹരിക്കാൻ പദ്ധതികൾ വേണമെന്ന് ദീർഘനാളായി ആവശ്യമുയർന്നിരുന്നു.കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് ഇതിനായി ലക്ഷങ്ങൾ മുടക്കി കോഴിക്കോട് പത്മനാഭൻ ജട്ടിക്ക് സമീപം പുതിയ പദ്ധതി സ്ഥാപിച്ചെങ്കിലും ഒരു ദിവസം മാത്രമാണ് ഇത് പ്രവർത്തിച്ചത്.ലക്ഷങ്ങൾ പാഴായ പദ്ധതിയായി ഇതു മാറി. പിന്നീട് എൽ ഡി എഫ് ഭരണസമിതി വന്നതോടെ 2017-18 വർഷം തന്നെ പദ്ധതിക്ക് പണം വകയിരുത്തി മുന്നോട്ടു പോകുകയായിരുന്നു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തീരമേഖലയിൽ അനുഭവപ്പെടുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Copyright © 2003-2024 karunagappally.com Developed by Sudheesh.R