കരുനാഗപ്പള്ളി കുലശേഖരപുരത്തെ തരിശുഭൂമിയിൽ നൂറുമേനി വിളവുമായി കുടുംബശ്രീ….

കരുനാഗപ്പള്ളി : കുലശേഖരപുരം കോട്ടയ്ക്കുപുറം രണ്ടാം വാർഡിലെ അഞ്ചേക്കർ പാടത്തെ തരിശുനില നെൽകൃഷിയിൽ നൂറുമേനി വിളവുമായി കുടുംബശ്രീ പ്രവർത്തകർ. സ്നേഹിത കുടുംബശ്രീയുടെ ഏഴ് അംഗങ്ങൾ അടങ്ങിയ ഹരിതം  ജെ.എൽ.ജി. ഗ്രൂപ്പാണ് കൃഷിക്ക് നേതൃത്വം നൽകിയത്. ഗ്രാമപഞ്ചായത്തിനെയും  കൃഷിഭവൻറെയും സഹകരണത്തോടെയാണ് നെൽകൃഷി ചെയ്തത്.  വിളവെടുപ്പുത്സവം കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സീമചന്ദ്രൻ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗം സുലഭരാമദാസ്, സിഡിഎസ് ചെയർപേഴ്സൺ ലതികബാബു, കൃഷി ഓഫീസർ വി ആർ ബിനേഷ്, എല്ലയ്യത്ത് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
തികച്ചും ജൈവ മാർഗത്തിലൂടെയായിരുന്നു നെൽകൃഷി ചെയ്തത്. കൃഷി ഭവനിൽ നിന്നും അത്യുൽപ്പാദനശേഷിയുള്ള വിത്തും വളവും നൽകി. തൊഴിലുറപ്പ് പദ്ധതി വഴി തൊഴിൽ ദിനങ്ങളും സൃഷ്ടിച്ചു. വിളവെടുത്ത നെല്ല് ‘ഓണാട്ടുകര റൈസ്’ എന്ന ബ്രാൻഡിൽ ഒക്റ്റാക്ക് വഴി വിതരണം ചെയ്യാനാണ് തീരുമാനം. ഗുണനിലവാരം നിലനിർത്തി തവിടോടുകൂടി ജൈവസർട്ടിഫിക്കേഷൻ ഉൾപ്പെടെ നവംബർ ആദ്യ ആഴ്ചയോടുകൂടി വിപണിയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന്
കൃഷി ഓഫീസർ വി ആർ ബിനേഷ് അറിയിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !