കരുനാഗപ്പള്ളി : തഴവ കടത്തൂരിൽ താറാവ് മുട്ടയിട്ടപ്പോള്‍ പുറത്തുവന്നത് കുഞ്ഞുതാറാവ്. അഞ്ച് താറാവുകളാണ് ഈ വീട്ടില്‍ ഉണ്ടായിരുന്നത്. രാവിലെ മുറ്റത്ത് താറാവുകള്‍ കൂട്ടംകൂടിനില്‍ക്കുന്നതുകണ്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് കുഞ്ഞുതാറാവിനെ കണ്ടത്. കൂട്ടത്തിലുണ്ടായിരുന്ന ഏതോ താറാവ് മുട്ടയിട്ടപ്പോഴാണ് കുഞ്ഞുതാറാവ് പുറത്തു വന്നത്. ചുണ്ടും കാലുകളുമെല്ലാം കുഞ്ഞുതാറാവിനുമുണ്ട്. ജീവന്‍ ഉണ്ടായിരുന്നില്ല. താറാവ് പ്രസവിച്ചെന്ന് നാട്ടില്‍ പാട്ടായി. നിരവധിപേര്‍ കാണാനെത്തി.
മണപ്പള്ളി മൃഗാശുപത്രിയിലെ ഡോ. കെ.മോഹനനും കരുനാഗപ്പള്ളി വെറ്ററിനറി പോളി ക്ലിനിക്കിലെ ഡോ. എം.എ.നാസറും തഴവ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീലതയും സ്ഥലത്തെത്തി. ഇത്തരമൊരു സംഭവം അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. താറാവില്‍നിന്ന് പുറത്തു വരാത്ത മുട്ട വയറ്റിലിരുന്ന് വിരിഞ്ഞതാകാമെന്നാണ് സംശയിക്കുന്നത്. എങ്കിലും ഇതിന് ശാസ്ത്രീയമായ തെളിവില്ലെന്നും ഡോ. കെ.മോഹനന്‍ പറഞ്ഞു. സാധാരണ ഇരുപത്തിയെട്ടു ദിവസമാണ് താറാവിന്റെ മുട്ട വിരിയാന്‍ വേണ്ടത്. പുറത്തു വന്ന കുഞ്ഞിന് ഏതാനും ദിവസത്തെ വളര്‍ച്ചക്കുറവേയുള്ളു. ഇത്രയും ദിവസം മുട്ട താറാവിന്റെ വയറ്റില്‍ എങ്ങനെ ഇരുന്നുവെന്നതും സംശയം ഉണര്‍ത്തുന്നു.