കുന്നത്തൂർ – കരുനാഗപ്പള്ളി സംയോജിത കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്….

കരുനാഗപ്പള്ളി : കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർ , പോരുവഴി , ശൂരനാട് വടക്ക് പഞ്ചായത്തുകൾക്കും കരുനാഗപ്പള്ളി താലൂക്കിലെ തൊടിയൂർ തഴവ പഞ്ചായത്തുകൾക്കുമായി തയ്യാറാക്കിയ 298 കോടി രൂപയുടെ സംയോജിത സമഗ്ര കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്. 2021 മെയ് മാസം കേരളം ജല അതോറിറ്റി പ്രൊജക്റ്റ് ഡിവിഷൻ തയ്യാറാക്കിയ പ്രൊജക്റ്റ് റിപ്പോർട്ടിന് ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാ ജല ശുചിത്വ സമിതി അംഗീകാരം നൽകി .

കേരള സർക്കാരിന്റെ ഭരണാനുമതി ഓഗസ്റ്റ് മാസത്തിൽ പുറത്തിറങ്ങും. സംയോജിത കുടിവെള്ള പദ്ധതിയുടെ അടിയന്തര അവലോകന യോഗം എം.എൽ.എ. മാരായ ശ്രീ. സി.ആർ. മഹേഷിന്റെയും ശ്രീ. കോവൂർ കുഞ്ഞുമോന്റെയും അധ്യക്ഷതയിൽ ഞായറാഴ്ച പി.ഡബ്ള്യു.ഡി. റസ്റ്റ് ഹൌസ് ൽ ചേർന്നു.

കുന്നത്തൂർ പഞ്ചായത്തിലെ കല്ലടയാറിനോട് ചേർന്നു ഞാങ്കടവ് ൽ കിണർ സ്ഥാപിച്ചു ജലം അമ്പുവിളയിൽ ഏറ്റെടുക്കുന്ന ഒന്നര ഏക്കർ സ്ഥലത്തു 44 എം.എൽ.ഡി. ശുദ്ധീകരണ ശാല നിർമിച്ചു ജലം ആറു പഞ്ചായത്തുകളിലും സ്ഥാപിക്കുന്ന ജല സംഭരണികളിൽ എത്തിക്കും. കുന്നത്തൂർ പഞ്ചായത്തിൽ 24 ലക്ഷം ലിറ്റർ ജല സംഭരണി അമ്പുവിളയിലും, പോരുവഴിയിലെ ദേവഗിരി കോളനിയിൽ 11 ലക്ഷം ലിറ്റർ ടാങ്കും, ശൂരനാട് വടക്ക് പഞ്ചായത്തിൽ ആനയടി യിൽ 9 ലക്ഷം ലിറ്റർ ടാങ്കും, കരുനാഗപ്പള്ളി താലൂക്കിൽ തഴവ പഞ്ചായത്തിൽ പാവുമ്പായിൽ 12 ലക്ഷം ലിറ്റർ ടാങ്കും, തൊടിയൂർ പഞ്ചായത്തിൽ മാലുമേൽ 8.5 ലിറ്റർ ടാങ്കും , കുലശേഖരപുരം സംഘപ്പുര ജങ്ക്ഷനിൽ 17 ലക്ഷം ലിറ്റർ ടാങ്കും സ്ഥാപിക്കും. പ്രസ്തുത ടാങ്ക് നിർമാണത്തിനായി വിവിധ വകുപ്പുകളുടെ അധീനതയിൽ ഉള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി ജില്ലാ കളക്ടറുടെ ചേംബറിൽ ഓഗസ്റ്റ് 16 നു യോഗം ചേരുവാനും തീരുമാനിച്ചു.

കുന്നത്തൂരിൽ അമ്പുവിളയിൽ സ്വകാര്യ വ്യക്തിയിൽ നിന്നും ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നടപടികൾ ധൃതഗതിയിൽ ആക്കുവാനും യോഗം തീരുമാനിച്ചു . അംഗീകാരം ലഭ്യമാകുന്നതോടു കൂടി കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സംയോജിത കുടിവെള്ള പദ്ധതിയായി കുന്നത്തൂർ- കരുനാഗപ്പള്ളി പദ്ധതി മാറും.

യോഗത്തിൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ അൻസാർ ഷാഫി, ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ, കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി, പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, തഴവ പഞ്ചായത് പ്രസിഡന്റ് സദാശിവൻ, തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം , ജല അതോറിറ്റി സുപ്രണ്ടിങ് എൻജിനീയർ ആശ ലത, എക്സിക്യൂട്ടീവ് എൻജിനീയർ സബീർ റഹിം, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ, ജല അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു .


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !