ബാലവേദി പ്രവര്‍ത്തനങ്ങളും സ്ത്രീക്കൂട്ടായ്മയും പഠിക്കാന്‍ അസം സംഘമെത്തി

കരുനാഗപ്പള്ളി: കേരളത്തിലെ കുട്ടികളുടെ സംഘടനാസംവിധാനങ്ങളെക്കുറിച്ചും സ്ത്രീക്കൂട്ടായ്മകളെക്കുറിച്ചും പഠിക്കുന്നതിനായി അസമില്‍നിന്നുള്ള സംഘം കരുനാഗപ്പള്ളിയിലെത്തി. നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്റെ അസം സര്‍ക്കാര്‍ പ്രതിനിധി അനില്‍ ബാനിയുടെ നേതൃത്വത്തിലുള്ള സംഘമാണെത്തിയത്.

കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ കീഴിലുള്ള വിവിധ ഗ്രന്ഥശാലകള്‍ സംഘം സന്ദര്‍ശിച്ചു. ഗ്രന്ഥശാലാങ്കണങ്ങളില്‍ കുട്ടികള്‍ ചേര്‍ന്നുനടത്തിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘം കണ്ടു. തൊടിയൂര്‍ പുലിയൂര്‍വഞ്ചി വടക്ക് ഇ.എം.എസ്. വനിതാ ഗ്രന്ഥശാലയിലും സംഘം എത്തി.

ഗ്രന്ഥശാലയിലെ ബാലവേദികുട്ടികള്‍ക്കായി നടന്നുവരുന്ന ചിത്രരചനാ ക്ലാസും കുട്ടികളുടെ കലാപരിപാടികളുമെല്ലാം സംഘത്തിന് വേറിട്ട അനുഭവമായി. ലൈബ്രറി നടത്തുന്ന വിവിധ സാമൂഹിക സാംസ്‌കാരിക പരിപാടികളെക്കുറിച്ചും പുസ്തകവിതരണത്തെക്കുറിച്ചുമെല്ലാം സംഘം വിശദമായി ചോദിച്ചറിഞ്ഞു.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം സന്ധ്യവിശ്വനാഥന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് ദീപ, സെക്രട്ടറി സൈനബാക്കുഞ്ഞ്, ലൈബ്രേറിയന്‍ ടി.രഞ്ജിനി, കമ്മിറ്റി അംഗം ലിദി, പഞ്ചായത്ത് അംഗം ബിജി സുനില്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.

തൊടിയൂർ പഞ്ചായത്തിലെ മുതിര്‍ന്ന കുടുംബശ്രീ അംഗങ്ങളുമായി സംഘം പഠനസംവാദവും നടത്തി. തൊടിയൂര്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !