ഉത്സവ പിറ്റേന്നും കൊടിയിറങ്ങാതെ ഓച്ചിറ പടനിലം….

കരുനാഗപ്പള്ളി : ഓണാട്ടുകരയുടെ ഉത്സവ പിറ്റേന്ന് ഓച്ചിറ പടനിലത്ത് അണിനിരന്ന നന്ദികേശൻമാരുടെ പ്രദർശനം കൗതുക കാഴ്ചയായി. ഇരുപത്തിയെട്ടാം ഓണാഘോഷത്തിത്തിന്റെ ഭാഗമായി ചൊവ്വാഴ്ച നടന്ന കാളകെട്ടുത്സവത്തിൽ അണിനിരന്ന 200 ഓളം കാളക്കൂറ്റൻമാരാണ് ഓച്ചിറയിലെ വിശാലമായ മൈതാനത്ത് ഇരുഭാഗങ്ങളിലായി അണിനിരന്നത്.


വിവിധ കരകളിൽ നിന്നും കാളകെട്ടു സമിതികളുടെ നേതൃത്വത്തിൽ ഓച്ചിറ പടനിലത്തെത്തിച്ച നന്ദികേശൻമാരെ ബുധനാഴ്ച രാവിലെ മുതലാണ് നാട്ടുകാർക്ക് കാണുന്നതിനായി പടനിലത്ത് പ്രദർശിപ്പിച്ചത്. സന്ധ്യയായതോടെ വൈദ്യുത ദീപാലങ്കാരത്തോടെയാണ് ഓരോ നന്ദികേശൻമാരെയും കരക്കാർ പ്രദർശിപ്പിച്ചത്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ആയിരകണക്കിന് പേരാണ് നന്ദികേശ ദർശനത്തിനായി എത്തിച്ചേർന്നത്. രാത്രിയോടെ കെട്ടു കാളകളുടെ ശിരസുകളിറക്കി അലങ്കാരങ്ങളും കച്ചിയും ഉൾപ്പടെ അഴിച്ച് കരകളിലേക്ക് കൊണ്ടു പോകും. വീണ്ടും അടുത്ത വർഷത്തെ കെട്ടുത്സവത്തിനായി വീണ്ടുമെത്തിക്കാനായി സംരക്ഷിച്ച് വയ്ക്കും. എന്നാൽ ഇത്തവണത്തെ കാളകെട്ടുത്സവത്തിൽ കൗതുക കാഴ്ചയാകാനെത്തിയ ഞക്കനാൽ പടിഞ്ഞാറെ കരയുടെ വിശ്വപ്രജാപതി കാലഭൈരവന് ചൊവ്വാഴ്ച തന്നെ പടനിലത്തെത്താനായില്ല. 67 അടി പൊക്കം കൊണ്ട് ഇത്തവണത്തെ ഉത്സവത്തിൽ വമ്പനാകാനെത്തിയ കെട്ടു കാള മൂന്ന് ക്രെയിനുകളുടെ സഹായമുണ്ടായിട്ടും സാങ്കേതിക പ്രശ്നങ്ങളാൽ ദേശീയ പാതയിൽ കുടുങ്ങിയെങ്കിലും പിന്നീട് ക്ഷേത്ര ഭാരവാഹികൾ ഉൾപ്പടെ അധികൃതരുമായി ചർച്ച നടത്തിയ ശേഷം ഉയരം കൊണ്ട് ആകാശം കീഴടക്കിയ നന്ദികേശനെ ബുധനാഴ്ച അഞ്ചരയോടെ പടനിലത്തെത്തിച്ചു.


ഓണാട്ടുകരയുടെ കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓച്ചിറയിലെ കാളകെട്ടുത്സവം.ചിങ്ങമാസത്തിലെ കൊയ്ത്തിന് ശേഷം മികച്ച വിളവു കിട്ടിയതിന്റെ നന്ദി സൂചകമായി കർഷകർ കച്ചികെട്ടി ഉണ്ടാക്കിയ കെട്ടുകളകളുമായി പരബ്രഹ്മത്തെ കാണാൻ വരുന്നു എന്നാണ് ഐതീഹ്യം. മികച്ച വിളവിനായി വയലിൽ കർഷകന്റെ ഒപ്പം നിന്ന കാളകൾക്കുള്ള മനുഷ്യന്റെ ആദരം കൂടിയാണ് ഇരുപത്തെട്ടാം ഓണാഘോഷ ദിനത്തിലെ കാളകെട്ടുത്സവം.ദിവസങ്ങളോളം വ്രതം നോറ്റാണ് ഭക്തർ കാളകളെ എഴുന്നെള്ളിക്കുന്നത്. അന്നദാനം, കലാപരിപാടികൾ, പുരാണാ പാരായണം, സഹായ വിതരണങ്ങൾ തുടങ്ങി വിവിധ പരിപാടികളാണ് ഈ കാലയളവിൽ ഓരോ കാളമൂട്ടിലും സംഘടിപ്പിച്ചത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !