ചരിത്രപ്രസിദ്ധമായ ഓച്ചിറ കാളകെട്ട് ഉത്സവം ഇന്ന്

കരുനാഗപ്പള്ളി: ഓണാട്ടുകരയെങ്ങും ആവേശത്തിമിര്‍പ്പിലാക്കി ചരിത്രപ്രസിദ്ധമായ ഓച്ചിറ കാളകെട്ട് ഉത്സവം ഇന്ന് നടക്കും. ഓണാട്ടുകരയുടെ കാര്‍ഷികസംസ്‌കാരവും കരവിരുതും ഐക്യവുമെല്ലാം വിളിച്ചറിയിക്കുന്നതാണ് 28-മത്തെ ഓണം നാളില്‍ നടക്കുന്ന ഓച്ചിറ കാളകെട്ട് ഉത്സവം. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ ഉള്‍പ്പെടുന്ന 52 കരകളില്‍നിന്നായി ഇരുനൂറിലധികം കെട്ടുകാളകളാണ് ഞായറാഴ്ച ഓച്ചിറ പടനിലത്ത് അണിനിരക്കുക. കൈവെള്ളയില്‍ ഒതുങ്ങുന്ന കുഞ്ഞന്‍കാളകള്‍ മുതല്‍ അമ്പത്തിയഞ്ച് അടിയോളം ഉയരമുള്ള കൂറ്റന്‍ കെട്ടുകാളകള്‍വരെ ഭക്തരെ വിസ്മയിപ്പിക്കാന്‍ ഉണ്ടാകും. സ്വര്‍ണവും വെള്ളിയും പൂശിയ കെട്ടുകാളകളും അക്കൂട്ടത്തില്‍ ഉണ്ട്.

വിവിധ നാടുകളില്‍നിന്നായി ലക്ഷക്കണക്കിന് ആളുകളാണ് കാളകെട്ട് ഉത്സവം കാണാന്‍ ഓച്ചിറ പരബ്രഹ്മഭൂവിലേക്ക് എത്തുക. വിവിധ കാളകെട്ട് സമിതികളുടെ നേതൃത്വത്തില്‍ ഒരുമാസത്തിലധികമായി കെട്ടുകാളകളുടെ നിര്‍മാണം നടക്കുകയാണ്. സപ്താഹവും അന്നദാനവും വിവിധ വഴിപാടുകളുമൊക്കെ ദിവസവും ഓരോ കാളമൂട്ടിലും നടന്നു. ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ ശിരസുകള്‍ ഉറപ്പിക്കുന്ന ചടങ്ങുകളും ആചാരപൂര്‍വ്വം പൂര്‍ത്തിയായി. രണ്ടായിരത്തിയഞ്ഞൂറിലധികം കുടമണികള്‍വരെ കൂറ്റന്‍ കെട്ടുകാളകള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. മുപ്പതോളം കരകള്‍ സ്വന്തമായി കെട്ടുകാളകളെ എഴുന്നള്ളിക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ ഓരോ കാളമൂട്ടിലും പ്രത്യേകം പൂജകള്‍ നടക്കും. ക്ഷേത്രത്തില്‍നിന്ന് പൂജിച്ചുകൊണ്ടുവരുന്ന മാലകള്‍ കെട്ടുകാളകളില്‍ അണിയിക്കും. തുടര്‍ന്ന്, ഗ്രാമപ്രദക്ഷിണത്തിനുശേഷം കെട്ടുകാളകള്‍ ഓച്ചിറ പടനിലത്തേക്ക് എഴുന്നള്ളും. ഉച്ചകഴിയുന്നതോടെ കെട്ടുകാളകള്‍ ക്ഷേത്രാങ്കണത്തില്‍ എത്തിത്തുടങ്ങും. വൈകീട്ട് അഞ്ചിനുമുന്‍പായി എല്ലാ കെട്ടുകാളകളെയും ക്ഷേത്രാങ്കണത്തില്‍ എത്തിക്കണമെന്നാണ് ജില്ലാ ഭരണകൂടവും പോലീസും കാളകെട്ട് സമിതികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. കാളകെട്ട് ഉത്സവവുമായി ബന്ധപ്പെട്ട് ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !