കരുനാഗപ്പള്ളി : ഓച്ചിറയിൽ 28-ാം ഓണാഘോഷത്തിനായി ഓണാട്ടുകര ഒരുങ്ങുമ്പോൾ അത് വനിതാ മുന്നേറ്റത്തിന്റെ പുതിയ ചരിത്രം കൂടിയാകും. വിവിധ കരകളിൽ കാളകെട്ട് സമിതികൾ ഇരുപത്തെട്ടാം ഓണാഘോഷത്തിന് ഒരുങ്ങുമ്പോൾ കുലശേഖരപുരം പഞ്ചായത്തിലെ ക്ലാപ്പന കിഴക്ക് തൃശൂലനാഥൻ വനിതാ കാളകെട്ട് സമിതിയുടെ നേതൃത്വത്തിൽ ഒരു നന്ദികേശൻ ഒരുങ്ങുന്നു. 17 സ്ത്രീകളുടെ കൂട്ടായ്മയിലാണ് സമിതി രൂപം കൊണ്ട് പ്രവർത്തിക്കുന്നത്. തങ്ങളുടെ പ്രദേശത്തു നിന്നും ഒരു നന്ദികേശനെ എഴുന്നള്ളിച്ചാലെന്താ എന്ന ചിന്തയിൽ നിന്നാണ് 9 മാസം മുമ്പ് വനിതാ കൂട്ടായ്മ പ്രവർത്തനം തുടങ്ങുന്നത്. സിന്ധു ജയചന്ദ്രന്റെയും ബിന്ദുവിക്രമന്റെയും നേതൃത്വത്തിലുള്ള പെൺകൂട്ടായ്മയ്ക്ക് പിന്നെയെല്ലാം എളുപ്പമായിരുന്നു. സ്വന്തമായി സ്വരൂപിച്ചതും നാട്ടിൽ നിന്നും കണ്ടെത്തിയും പണം സംഘടിപ്പിച്ചു.ആറംഗ കോർ കമ്മിറ്റി രൂപീകരിച്ച് എല്ലാ സഹായവുമൊരുക്കി.18 അടി ഉയരമുള്ള നന്ദികേശനെ ഏർപ്പാടാക്കി നൽകി. കഴിഞ്ഞ 30 ന് ആഘോഷമായി നന്ദികേശ ശിരസ് ഘോഷയാത്രയോടെ എത്തിച്ചു. എല്ലാ ദിവസവും രാവിലെ കഞ്ഞിയും മുതിരയും കാളമൂട്ടിൽ ഒരുക്കും. സ്കൂൾ കുട്ടികളെ കൂടി കണക്കാക്കി രാവിലെ തന്നെ ഇത് തയ്യാറാക്കും. പിന്നീട് ഉച്ചഭക്ഷണവും ഒരുങ്ങും. വൈകിട്ട് എല്ലാവർക്കും നാടൻ പുഴുക്കും കാപ്പിയും. പാചക മുൾപ്പടെ എല്ലാത്തിനും നേതൃത്വം വനിതകൾ തന്നെ. പുരാണ പാരായണവും, പൂജകളും, ദീപാരാധനയും ദീപകാഴ്ചയുമെല്ലാം മുറപോലെ എല്ലാ ദിവസവും ചിട്ടയായി നടക്കും. ഇതു കൂടാതെ സന്ധ്യയോടെ നാട്ടിലെ എല്ലാവരും കാളമൂട്ടിൽ ഒത്തുകൂടുന്നതോടെ വിവിധ കലാ-സാംസ്കാരിക പരിപാടികളും നടക്കും. പരിപാടികളുടെ ഉദ്ഘാടനം സ്പൈസിസ് ബോർഡ് ചേയർമാൻ സുഭാഷ് വാസുവാണ് നിർവ്വഹിച്ചത്. വ്യാഴാഴ്ച പ്രശസ്ത കവികൾ അണിനിരന്ന കവിയരങ്ങായിരുന്നു. വനിതാ കൂട്ടായ്മയിൽ തിങ്കളാഴ്ച തിരുവാതിര കളിയും ചൊവ്വാഴ്ച കുത്തിയോട്ടപ്പാട്ടുൾപ്പടെയുള്ള കലാപരിപാടികളും നടക്കും. ചൊവ്വാഴ്ച ശിരസുറപ്പിച്ച് വനിതാ കാളകെട്ടു സമിതിയുടെ നേതൃത്വത്തിൽ തൃശൂല നാഥനെ ഓച്ചിറ പടനിലത്തേക്ക് ആനയിക്കും.
Copyright © 2003-2024 karunagappally.com Developed by Sudheesh.R