കാഴ്ചയിൽ വിസ്മയമായി ഓച്ചിറ വെട്ടുകണ്ടത്തിലെ ആമ്പൽപ്പൂക്കൾ….

കരുനാഗപ്പള്ളി : ഓംകാര മന്ത്രധ്വനികളുയരുന്ന ഓച്ചിറ പടനിലത്തേക്ക് ഒഴുകിയെത്തുന്ന പതിനായിരങ്ങൾക്ക് കാഴ്ച സൗന്ദര്യം പകരുകയാണ് വെട്ടുകണ്ടത്തിലെ ആമ്പൽപ്പൂക്കൾ.

ഓച്ചിറയുടെ ഐതിഹ്യപ്പെരുമയിൽ ഏറെ പ്രാധാന്യമുണ്ട് വെട്ടുകണ്ടത്തിന്. പോരാട്ട വീര്യത്താൽ പോരാളികൾ ഏറ്റുമുട്ടിയ ഇടമാണിവിടം. ആ സ്മരണയിലാണ് ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളി എട്ടു കണ്ടത്തിൽ അരങ്ങേറുന്നത്. പോരാളികൾ വീര്യത്തോടെ ഏറ്റുമുട്ടുന്ന എട്ടു കണ്ടത്തിൽ ഇപ്പോൾചുവപ്പു പരവതാനി വിരിച്ച പോലെ വിടർന്ന് നിൽക്കുന്നത് ചുവന്ന ആമ്പൽപ്പൂക്കളാണ്.

വൃശ്ഛികോത്സവത്തിനായി ഓച്ചിറ പടനിലത്തേക്ക് ഒഴുകി എത്തുന്ന പതിനായിരങ്ങൾക്ക് കാഴ്ചയുടെ സൗന്ദര്യം പകർന്നു നൽകുകയാണ് വെട്ടു കണ്ടത്തിലെ ആമ്പൽപ്പൂക്കൾ. ഏറെക്കാലം മുമ്പ് ആരോ നിക്ഷേപിച്ചതാണ് ആമ്പൽപ്പൂ. വ്യാപകമായി വളർന്നു. പിന്നീട് മിഥുനമാസത്തിലെ ഒന്നും രണ്ടും തീയതികളിലായി നടക്കുന്ന ഓച്ചിറക്കളിക്കായി ഇവയെല്ലാം വാരി മാറ്റി കണ്ടം വ്യത്തിയാക്കും. എന്നാൽ അവശേഷിക്കുന്ന വിത്തിൽ നിന്നും വീണ്ടും ഇവ വളർന്നു വരികയാണ് പതിവ്. ഇടയ്ക്ക് താമരയും വിരിയും. ഓച്ചിറയുടെ ഒരു സവിശേഷയതയായി തന്നെ ഇത് മാറി കഴിഞ്ഞു.എന്നാൽ വൃശ്ഛികോത്സവത്തിന് ഇവ വ്യാപകമായി വളർന്ന് മനോഹര കാഴ്ചയായിരിക്കുകയാണ് ഇത്തവണ.

രാവിലെ വിടർന്നു നിൽക്കുന്ന പൂക്കൾ വെയിൽ കടുക്കുന്നതോടെ കൂമ്പടയും. മുൻപ് 36 ഏക്കറോളം ഉണ്ടായിരുന്ന ഓച്ചിറ പടനിലത്ത് നാല് വെട്ടുകണ്ടങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ അരയേക്കറോളം വരുന്ന രണ്ട് കണ്ടങ്ങൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഇവ സംരക്ഷിക്കുന്നതിന് ഒട്ടേറെ നടപടികൾ ഭരണ സമിതി സ്വീകരിച്ചു കഴിഞ്ഞു. വേലികൾ കെട്ടി മാലിന്യങ്ങളും പ്ലാസ്റ്റിക്കും വലിച്ചെറിയുന്നത് തടയുന്നതിനുൾപ്പടെ നടപടി സ്വീകരിച്ചിട്ടുണ്ട്.

പടനിലത്തെ പർണ്ണശാലകളിൽ താമസിക്കുന്നവർക്കുൾപ്പടെ എട്ടു കണ്ടത്തിന്റെ പരിസരം വൈകുന്നേരങ്ങളിൽ വിശ്രമിക്കാനുള്ള മനോഹരമായ അന്തരീക്ഷം പകർന്നു നൽകുന്ന ഇടമായി മാറിക്കഴിഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !