33 യുവതികൾക്ക് മംഗല്യ മൊരുക്കികൊണ്ട് ഓച്ചിറ ക്ഷേത്ര ഭരണ സമിതി….

കരുനാഗപ്പള്ളി : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 33 യുവതികൾക്ക് മംഗല്യ മൊരുക്കികൊണ്ട് ഓച്ചിറ ക്ഷേത്ര ഭരണ സമിതി.

ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്ര മൈതാനത്തൊരുക്കിയ വിശാലമായ പന്തലിൽ രാഷ്ടീയ, സാമൂഹ്യ, കലാരംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് 33 യുവതികളും മംഗല്യവതികളായത്.

വിവാഹ ചടങ്ങിനോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനം സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. ക്ഷേത്ര സ്വത്തുക്കൾ കെട്ടിക്കിടന്ന് ആശങ്കപ്പെടുകയല്ല, അത് സമൂഹത്തിന് വേണ്ടി വിനിയോഗിക്കുകയാണ് നവോത്ഥാന കേരളത്തിന്റെ തുടർച്ചയ്ക്ക് അനിവാര്യമെന്ന്
സ്പീക്കർ ശ്രീരാമകൃഷ്ണൻപറഞ്ഞു.

കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നും ലഭിച്ച അപേക്ഷകളിൽ നിന്നാണ് അർഹരെ തിരഞ്ഞെടുത്തത്.

വിവാഹിതരാകുന്ന പെൺകുട്ടികൾക്കായി ക്ഷേത്ര ഭരണ സമിതി നൽകുന്ന രണ്ട് ലക്ഷം രൂപയുടെ ധനസഹായ വിതരണം കരുനാഗപ്പള്ളി എം.എൽ.എ. ആർ. രാമചന്ദ്രൻ നിർവ്വഹിച്ചു.

വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ബന്ധുക്കൾ നൽകിയ ഹാരമണിഞ്ഞ് മതാചാരപ്രകാരമായിരുന്നു താലികെട്ട്. വധൂവരന്മാർക്കുള്ള വിവാഹ വസ്ത്രങ്ങളും, താലിയും, മറ്റും സംഭാവന ചെയ്തവരെയും ചടങ്ങിൽ ആദരിച്ചു.

വിവാഹത്തിൽ പങ്കെടുത്ത ബന്ധുജനങ്ങൾ ഉൾപ്പെടെയുള്ള പതിനായിരങ്ങൾക്ക് വിവാഹ സദ്യയും ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എൽ.എ മാരായ ആർ. രാമചന്ദ്രൻ, യു.പ്രതിഭ, കോവൂർ കുഞ്ഞുമോൻ, ആർ. രാജേഷ്, പന്തളം കൊട്ടാരം പ്രതിനിധികളായ പി.ജി. ശശികുമാരവർമ്മ, ജയദേവ വർമ്മ പാർവ്വതി, സീരിയൽ താരങ്ങളായ ദിനേശ് പണിക്കർ, രൂപശ്രീ തുടങ്ങി ഒട്ടേറെ പ്രമുഖരാണ് വധുവരന്മാർക്ക് ആശംസ നേരാനെത്തിയത്.

കടപ്പാട് : സുരേഷ് വെട്ടുകാട്ട്


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !