കരുനാഗപ്പള്ളി ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ കാളകെട്ടുത്സവം 2019 ഒക്ടോബർ എട്ടിന്. ഓണാട്ടുകരയ്ക്കിനി ഉത്സവത്തിൻറെനാളുകൾ. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽപ്പെട്ട 52 കരകളിലും കെട്ടുകാളകളുടെ നിർമാണം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കാളകെട്ടുത്സവം എന്നു പോലും പറയാവുന്നതാണ് ഓച്ചിറ കാളകെട്ടുത്സവം.
ഓണാട്ടുകരയുടെ കാര്‍ഷികസംസ്‌കാരവും കരവിരുതും ഐക്യവുമെല്ലാം വിളിച്ചറിയിക്കുന്നതാണ് 28-മത്തെ ഓണം നാളില്‍ നടക്കുന്ന ഓച്ചിറ കാളകെട്ട് ഉത്സവം.
കൈവെള്ളയില്‍ ഒതുങ്ങുന്ന കുഞ്ഞന്‍കാളകള്‍ മുതല്‍ അമ്പത്തിയഞ്ച് അടിയോളം ഉയരമുള്ള കൂറ്റന്‍ കെട്ടുകാളകള്‍വരെ ഭക്തരെ വിസ്മയിപ്പിക്കാന്‍ ഉണ്ടാകും. സ്വര്‍ണവും വെള്ളിയും പൂശിയ കെട്ടുകാളകളും അക്കൂട്ടത്തില്‍ കാണും.
പരമ്പരാഗത ശൈലിയിലും വിശ്വാസപ്രമാണങ്ങളിലും അടിയുറച്ചാണ് കെട്ടുകാളനിർമാണം നടത്തുന്നത്. ഭജന, കുത്തിയോട്ടം, നാടൻപാട്ട്, അന്നദാനം അങ്ങനെ എല്ലാമുണ്ടാകും ഓരോ കാളമൂട്ടിലും. ഏറ്റവും ഭംഗിയും വലിപ്പവുമുള്ള കെട്ടുകാളകളെ അണിനിരത്താനുള്ള തിരക്കിലാണ് ഓരോ കരക്കാരും.
കൃഷ്ണപുരം മാമ്പ്രക്കന്നേൽ യുവജനസമിതി, പായിക്കുഴി, വലിയകുളങ്ങര, ചങ്ങൻകുളങ്ങര, മേമന, കൃഷ്ണപുരം പൗരസമിതി, കൊറ്റമ്പള്ളി, കായംകുളം പുതിയിടം, ഞക്കനാൽ, പ്രയാർ, ഇടയനമ്പലം, പുതുപ്പള്ളി, വരവിള, കൊച്ചുമുറി, ആലുംപീടിക തുടങ്ങിയ കരകളിലെ കാളകെട്ടുസമിതികൾ കൂറ്റൻ കെട്ടുകാളകളെയാണ് അണി നിരത്തുന്നത്.
ഓരോ കരക്കാരും മത്സര ബുദ്ധിയോടെ കാളകളെ അണിയിച്ചൊരുക്കി ചെണ്ട-പഞ്ചാരി-പാണ്ടി മേളങ്ങളുടെ അകമ്പടിയോടുകൂടി ആഘോഷപൂര്‍വ്വമാണ് ക്ഷേത്രത്തിലേക്ക് ആനയിച്ചു കൊണ്ടുവരുന്നത്.
വിവിധ നാടുകളില്‍നിന്നായി ലക്ഷക്കണക്കിന് ആളുകളാണ് കാളകെട്ട് ഉത്സവം കാണാന്‍ ഓച്ചിറ പരബ്രഹ്മഭൂവിലേക്ക് എത്തുക.