ഓച്ചിറ പരബ്രഹ്മക്ഷേത്രസന്നിധിയെ സംബന്ധിച്ചുള്ള ഐതീഹ്യങ്ങളില്‍ പ്രധാനപ്പെട്ട ഓച്ചിറക്കളി നാളെയും മറ്റന്നാളും

ഓച്ചിറ: ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളി ജൂൺ 15, 16 തീയതികളിൽ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു. ഓച്ചിറ പരബ്രഹ്മക്ഷേത്രസന്നിധിയെ സംബന്ധിച്ചുള്ള ഐതീഹ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഓച്ചിറക്കളി.

കേരളചരിത്രത്തിന്റെ ഗതകാലസ്മരണകളുണര്‍ത്തുന്ന ഈ കലാരൂപത്തെ ദേശീയശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് ക്ഷേത്രഭരണസമിതി നടത്തുന്നത്. അതിന് പൊതുജനങ്ങളില്‍നിന്ന് വലിയ പിന്തുണലഭിക്കുന്നു. ഈവര്‍ഷത്തെ ഓച്ചിറക്കളിയില്‍ പരിശീലനം ലഭിച്ച ആയിരത്തില്‍പ്പരം യോദ്ധാക്കള്‍ ഉണ്ടാകും. ഓച്ചിറക്കളിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി കളിയോദ്ധാക്കള്‍ക്കെല്ലാം യൂണിഫോം നല്‍കും. പഞ്ചവാദ്യം, പഞ്ചാരിമേളം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെയാകും ഇത്തവണത്തെ ഘോഷയാത്ര നടക്കുക.

ഓച്ചിറക്കളിയില് പങ്കെടുക്കുന്ന കളിയാശാന്മാര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനായി ദക്ഷിണ വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കളിയോദ്ധാക്കള്‍ക്കും ആശാന്മാര്‍ക്കും കളിനടക്കുന്ന രണ്ടുദിവസവും ഭക്ഷണവും നല്‍കും. ഓച്ചിറക്കളി കാണാനായി പരബ്രഹ്മഭൂമിയില്‍ എത്തുന്നവര്‍ അച്ചടക്കം പാലിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. അതിനായി ആവശ്യമായ വൊളന്റിയര്‍മാരെ നിയമിക്കുകയും പോലീസിന്റെ സേവനം ഉറപ്പാക്കുകയും ചെയ്തതായും ഭരണസമിതി ഭാരവാഹികള്‍ പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !