കരുനാഗപ്പള്ളി : പള്ളിക്കലാറിലെ തടയണയുമായി ബന്ധപ്പെട്ട് ഇറിഗേഷൻ ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം തടയണയും തൊടിയൂർ-തഴവ വട്ടക്കായലും സന്ദർശിച്ചു. കർഷകരും ജനപ്രതിനിധികളും ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തി. തുടർന്ന് എം.എൽ.എ. യുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.
പള്ളിക്കലാറിലെ തടയണയ്ക്കിരുവശവും പ്രത്യേകം കനാലുകൾ നിർമിച്ച് ജലനിരപ്പ് താഴ്ത്താൻ യോഗത്തിൽ തീരുമാനമായി.
ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനിയറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
തടയണയ്ക്ക് മുകളിൽ നിന്നും അഞ്ച് മീറ്റർ താഴ്ചയിലാകും കനാലുകൾ നിർമിക്കുക. ഇതുവഴി വെള്ളം തടയണയ്ക്ക് താഴേക്ക് ഒഴുക്കി വിടും. 1.5 മുതൽ രണ്ട് മീറ്റർ വരെ വീതിയിലാകും കനാലുകൾ നിർമിക്കുക. ഇത് ഫലപ്രദമാണെങ്കിൽ ഷട്ടറുകൾ സ്ഥാപിച്ച് കനാലുകൾ നിലനിർത്തും. അല്ലെങ്കിൽ തടയണയുടെ മധ്യഭാഗത്തെ കോൺക്രീറ്റ് നീക്കം ചെയ്ത് വെള്ളം ഒഴുക്കി വിടുന്നതിനെക്കുറിച്ച് ആലോചിക്കും. ഒരാഴ്ചക്കകം കനാലുകൾ പൂർത്തിയാക്കാനും നിർദേശം നൽകി.
തഴവ വട്ടക്കായലിലേക്കും ചുരുളി പാടശേഖരത്തിലേക്കും അധികമായി വെള്ളം ഒഴുകിയെത്തുന്നത് തടയാൻ പാവുമ്പ പാലത്തിന് സമീപം താൽക്കാലിക തടയണ സ്ഥാപിക്കാനും തീരുമാനിച്ചു.കൂടാതെ പാടശേഖരങ്ങളുടെ ബണ്ടുകൾ ശക്തിപ്പെടുത്തി ഉയരം വർദ്ധിപ്പിക്കുകയും ചെയ്യും. നിർമ്മാണ പ്രവർത്തനങ്ങൾ ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കാനാണ് തീരുമാനം.
ഹരിതകേരളാ മിഷൻ എക്‌സിക്യൂട്ടീവ് ഉപാധ്യക്ഷ ടി.എൻ. സീമയുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനിയർ ഷംസുദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയത്. രാവിലെ പള്ളിക്കലാറിലെ തടയണയും വെള്ളം കയറി കിടക്കുന്ന പാടശേഖരങ്ങളും സംഘം സന്ദർശിച്ചു. തുടർന്നാണ് ആർ രാമചന്ദ്രൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ കരുനാഗപ്പള്ളിയിൽ യോഗം ചേർന്നത്.
ഇറിഗേഷൻ വകുപ്പ് സൂപ്രണ്ടിങ് എൻജിനിയർ ഡോ ഉദയകുമാർ, എക്‌സിക്യൂട്ടീവ് എൻജിനിയർ മനോജ് കുമാർ, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷെറിൻ മുള്ളർ, ഹരിതകേരളാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഐസക്, തഴവ പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീലത, തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ, ആർ അമ്പിളികുട്ടൻ, കർഷകർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
തൊടിയൂർ ആര്യൻപാടത്തെക്കും സമീപ പാടശേഖരങ്ങളിലേക്കും വെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പള്ളിക്കലാറിൽ തൊടിയൂർ പാലത്തിന് സമീപം തടയണ നിർമിച്ചത്. നിർമാണം പൂർത്തിയായതോടെ തഴവ വട്ടക്കായലിലും ചുരുളി പാടശേഖരത്തിലും ഉൾപ്പെടെ വെള്ളം കയറി തുടങ്ങി.
പാടശേഖരങ്ങളിലെ ജലനിരപ്പ് താഴാത്തത്തിനാൽ നെൽകൃഷി ഉൾപ്പെടെ ചെയ്യാൻ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി കർഷകർ രംഗത്തെത്തി. ഇതോടെ തടയണ നിർമാണം അശാസ്ത്രീയമാണെന്ന ആരോപണവും പ്രതിഷേധവും ശക്തമായി. തുടർന്നാണ് ആർ രാമചന്ദ്രൻ എം.എൽ.എ. ഇടപെട്ട് അടിയന്തിര യോഗം വിളിപ്പിച്ചത്.